കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സാ പിഴവ് നഴ്സിംഗ് അസിസ്റ്റിൻ്റിനെതിരെ പരാതി
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സാ പിഴവ്. നഴ്സിംഗ് അസിസ്റ്റിൻ്റിനെതിരെ കീഴരിയൂർ സ്വദേശി സൂപ്രണ്ടിനും, കൊയിലാണ്ടി പോലീസിലും പരാതി നൽകി. കീഴരിയൂർ നൊച്ചിയിൽ വീട്ടിൽ നാരായണൻ (57) ആണ് തനിക്കുണ്ടായ ദുരവസ്ഥക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ ആർ.എം.ഒ.വിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സൂപ്രണ്ട് ഡോ. വിനോദ്. ജില്ലാ മെഡിക്കൽ ഓഫീസർക്കും നാളെ പരാതി നൽകുമെന്ന് ഇദ്ദേഹം പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളിയായ നാരായണൻ നവംബർ 5ന് ജോലി ചെയ്തുകൊണ്ടിരിക്കെ കാലിന് പരിക്കേൽക്കുകയും താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

ചികിത്സ തേടിയെത്തിയ നാരായണനെ പരിശോധിച്ച ഡോക്ടർ വലതു കാലിന് സ്റ്റിച്ച് ചെയ്ത് മെഡിസിൽ നൽകി വിട്ടയക്കുകയായിരുന്നു. വീണ്ടും 11ന് ഡോക്ടറെ കാണിച്ചപ്പോൾ മുറിവുണങ്ങാത്തതുകാരണം ഒരാഴ്ചകൂടി കഴിഞ്ഞിട്ട് സ്റ്റിച്ച് എടുത്താൽ മതി എന്ന് ഉപദേശിക്കുകയും, മുറിവിൽ മരുന്ന് പുരട്ടി ഡ്രസ്സ് ചെയ്യാൻ ഡ്രസ്സിംഗ് റൂമിലേക്ക് അയക്കുകയുമായിരുന്നു. എന്നാൽ ഡ്രസ്സിംഗ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റൻ്റ് സ്റ്റിച്ച് അഴിക്കാൻ ശ്രമിച്ചപ്പോൾ ഒരാഴ്ചകൂടി കഴിഞ്ഞ് സ്റ്റിച്ച് എടുത്താൽമതി എന്ന് ഡോക്ടർ പറഞ്ഞ കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നിട്ടും അവർ വളരെ മോശമായും ധിക്കാരപരമായും പെരുമാറുകയും സ്റ്റിച്ച് അഴിച്ചു മാറ്റുകയും ചെയ്തു.

അന്നേ ദിവസം ഉച്ചക്ക് ശേഷം കാലിൽ അമിതമായ രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടർന്ന് വീണ്ടും താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. എന്നാൽ വീണ്ടും ഈ മുറിവിൽ സ്റ്റിച്ചിടാൻ കഴിയില്ലെന്ന വിവരം ഡോക്ടർ ഇവരെ അറിയിച്ചു, മുറിവുണങ്ങാതെ സ്റ്റിച്ച് എടുത്തതാണ് രക്തസ്രാവത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. ഇനി മുറിവുണങ്ങാൻ കാൽ ഇളകാതെ വീട്ടിൽ ഒന്നു രണ്ടു മാസംകൂടി വിശ്രമിക്കേണ്ടിവരുമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചു.

അപമര്യാദയായി പെരുമാറിയ നഴ്‌സിംഗ് അസിസ്റ്റൻ്റിൻ്റെ പ്രവൃത്തിയിൽ എനിക്ക് മാനസിക പ്രയാസമുണ്ടാവുകയും മുറിവേറ്റ ഭാഗത്ത് അസഹനീയമായ വേദനയും ഉണ്ടാക്കിയിരിക്കുകയാണ്. കൂടാതെ ഈ ചികിത്സാ പിഴവിനെ തുടർന്ന് തെങ്ങുകയറ്റ തൊഴി ലാളിയായ എനിക്ക് ജോലിക്കു പോകുവാനോ കുടുംബം നോക്കുവാനോ കഴിയാത്ത അവസ്ഥയാണ്. ആയതുകൊണ്ട് ഈ ചികിത്സാ പിഴവിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സൂപ്രണ്ടിനോടും, കൊയിലാണ്ടി പോലീസിനോടും പരാതിപ്പെട്ടിരിക്കുകയാണ് നാരാണൻ.

