KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ കെട്ടിട ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കും

കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതിയ കെട്ടിട നവംബർ 9ന് വൈകീട്ട് 5 മണിക്ക് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. പൂക്കാട് ഈസ്റ്റ് റോഡിൽ സ്വന്തം സ്ഥലത്താണ് ബാങ്കിൻ്റെ ആസ്ഥാന മന്ദിരം പണിതിരിക്കുന്നത്. 1927 ൽ ഐക്യനാണയ സംഘമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രവർത്തനപരിധിയായി ആരംഭിച്ച സഹകരണ സ്ഥാപനമാണ് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക്. 1967 ൽ ആണ് സംഘം സർവീസ് സഹകരണ ബാങ്കായി മാറിയത്. 1970 കളിൽ ലിക്യുഡേഷൻ നടപടികൾ നേരിട്ട് തകർച്ചയിലേക്ക് എത്തിയ ഈ സ്ഥാപനത്തെ ടി പി രവീന്ദ്രൻ നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലുകൾ കൊണ്ട് പുനർജീവൻ വെക്കുകയായിരുന്നു.
അന്നത്തെ സംസ്ഥാന സർക്കാറിൻറെയും ജില്ലാ ബാങ്കിൻറെയും പൂർണ്ണ പിന്തുണയും നമ്മുടെ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. തുടർന്ന് വീണ്ടും പ്രവർത്തനമാരംഭിച്ച സംഘം സഹകരണ മാവേലി സ്റ്റോർ, ഉത്സവകാല ചന്തകൾ, അരി ചന്തകൾ, വളം വിതരണം, കൊപ്ര സംഭരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ടുപോയ ജനവിശ്വാസം വീണ്ടെടുക്കാൻ തുടങ്ങി. അതിനു സാധിച്ചത് സഹകാരികളുടെയും മുൻപ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംഘത്തെ സ്നേഹിക്കുന്നവരുടെയും നിസ്വാർത്ഥമായ പിന്തുണ കൊണ്ടായിരുന്നു എന്നത് ഈ അവസരത്തിൽ സ്മരിക്കുന്നു. 
ബാങ്കിൻ്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന് വേണ്ടി 2003 ൽ പൂക്കാട് അങ്ങാടിയിലുള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1990നു ശേഷം ബാങ്ക് തുടർച്ചയായി ലാഭം ഉണ്ടാക്കുന്ന സ്ഥാപനമായി മാറി. 2009 ൽ പൂർണ്ണമായും ബാങ്ക് ഇടപാടുകൾ കമ്പ്യൂട്ടറൈസ് ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ബാങ്കിൻ്റെ ക്ലാസിഫിക്കേഷൻ പടിപടിയായി ഉയർന്ന ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് സ്റ്റാറ്റസിൽ എത്തി. ഇപ്പോഴത് ഏറ്റവും ഉയർന്ന ഗ്രേഡായ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് ബാങ്കിൻറെ നിബന്ധനകൾ കൈവരിച്ചിട്ടുമുണ്ട്.
സഹകരണ വകുപ്പിൻറെ ഓഡിറ്റ് ക്ലാസിഫിക്കേഷൻ തുടർച്ചയായി A ഗ്രേഡിൽ തുടരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 2006 ലാണ് കാട്ടിലപ്പീടികയിൽ ഒരു എക്സ്റ്റൻഷൻ കൗണ്ടർ ആരംഭിക്കുന്നത്. 2011ൽ പ്രസ്തുത എക്സ്റ്റൻഷൻ കൗണ്ടർ ബ്രാഞ്ച് ആയി ഉയർത്തി ഉദ്ഘാടനം ചെയ്തു. 2015 തിരുവങ്ങൂരിലും ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കുകയുണ്ടായി. 2016ൽ ഫണ്ട് ട്രാൻസ്ഫർ സംവിധാനമായ എൻ ഇ എഫ് ടി/ ആർ ടി ജി എസ് സംവിധാനം ബാങ്കിൽ ആരംഭിച്ചു. തീർത്തും സൗജന്യമായാണ് എൻ ഇ എഫ് ടി/ ആർ ടി ജി എസ് സൗകര്യം ഇടപാടുകാർക്കായി ചെയ്തു കൊടുക്കുന്നത്.
2018 ൽ പൂക്കാട് ഒരു നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. 2018 ൽ തന്നെ ബാങ്കിൻ്റെ പൂക്കാടുള്ള മെയിൻ ബ്രാഞ്ചിൻറെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനവും നടന്നു. 2021 ലാണ് നമ്മുടെ വളം ഡിപ്പോ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചത്. 2021ൽ തന്നെ ബാങ്കിൻ്റെ പൂക്കാടുള്ള മെയിൻ ബ്രാഞ്ചിൻറെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ആക്കി പുനക്രമീകരിച്ചത്. മൊബൈൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള പല പരിഷ്കാരങ്ങളും ഇക്കാലയളവിൽ നടപ്പിൽ വരുത്തുകയുണ്ടായി. 2010 – 11, 2011 – 12 വർഷങ്ങളിൽ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സഹകരണ വകുപ്പിൻറെ അംഗീകാരം ലഭിക്കുകയുണ്ടായി. 2021- 22 വർഷത്തെ മികച്ച പ്രവർത്തനത്തിന് കേരള ബാങ്കിൻ്റെ അംഗീകാരവും ബാങ്കിന് ലഭിച്ചിട്ടുണ്ട്. 
ഒമ്പതു ദശകങ്ങളായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സാമ്പത്തിക മേഖലയുടെ ജീവനാഡിയായി പ്രവർത്തിച്ചുവരുന്ന ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഇന്ന് വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇപ്പോൾ ബാങ്കിൻ്റെ ആസ്ഥാന മന്ദിരത്തിൻറെ നിർമ്മാണം പൂർത്തിയായിരിക്കുകയാണ്. ബാങ്കിൻ്റെ ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും ആണ് ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കുന്നത്. 200 പേർക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് മിതമായ വാടകയിൽ പൊതുജനങ്ങൾക്ക് ഹാൾ ഉപയോഗിക്കാവുന്നതാണ്.
കെട്ടിടത്തിൽ പൊതുജനാരോഗ്യരംഗത്ത് ക്ലിനിക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആലോചിക്കുന്നുണ്ട്. ചടങ്ങിൽ കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, എൻ എം ഡി സി ചെയർമാൻ കെ. കെ മുഹമ്മദ് ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡണ്ട് കെ. രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് എം. നൗഫൽ, സെക്രട്ടറി ധനഞ്ജയ്, എം. പി അശോകൻ, പി. കെ സത്യൻ, വി. മുസ്തഫ, എൻ. ഉണ്ണി, ബി. പി ബബീഷ് എന്നിവർ പങ്കെടുത്തു.
Share news