പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ
കോഴിക്കാട്: സിപിഐ എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ. ലീഗ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിൻറെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിലെ കക്ഷി എന്ന നിലയിൽ സാങ്കേതികമായി പങ്കെടുക്കാൻ കഴിയില്ല എന്നും ക്ഷണിച്ചതിന് സിപിഎമ്മിന് നന്ദി അറിയിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പലസ്തീൻ വിഷയം കൂടുതലായി ഉയർന്നുവരുന്നതിൽ സന്തോഷമുണ്ടെന്നും കേന്ദ്രസർക്കാർ പലസ്തീൻ വിഷയത്തിൽ കുറച്ചു കൂടി കൃത്യമായി ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റാലിയിൽ പങ്കെടുക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയിലെ ദുരന്തചിത്രങ്ങൾ ഒന്നൊന്നായി പുറത്തുവന്ന സാഹചര്യത്തിലാവാം ബഷീർ അങ്ങനെ പറഞ്ഞതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

