എസ്‌ബിഐയുടെ വ്യാജ പരസ്യം; യുവതിക്ക് നഷ്ടമായത് 40,000 രൂപ
കണ്ണൂർ: എസ്‌ബിഐയുടെ വ്യാജ പരസ്യം കണ്ട് വായ്‌പയെടുത്ത യുവതിക്ക് നഷ്ടമായത് 40,000 രൂപ. മാഹി സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ഇൻസ്‌റ്റഗ്രാമിൽ എസ്‌ബിഐയുടെ വ്യാജ പരസ്യമിട്ടായിരുന്നു തട്ടിപ്പ്. ഇൻസ്റ്റഗ്രാമിൽ കണ്ട എസ്ബിഐ പരസ്യത്തിൽ ക്ലിക്ക് ചെയ്‌തപ്പോൾ വാട്‌സ് ആപ് അക്കൗണ്ടിലേക്കാണ് എത്തിയത്.

യുവതി രണ്ടുലക്ഷം രൂപ വായ്‌പയ്‌ക്ക് ആവശ്യപ്പെട്ടപ്പോൾ പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പിയും ഫോട്ടോയും അയക്കാൻ ആവശ്യപ്പെട്ടു. വായ്‌പ പാസാകണമെങ്കിൽ 10,000 രൂപ അയക്കാനും നിർദേശിച്ചു. 10,000 രൂപ അയച്ചതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അയച്ച അക്കൗണ്ട് തെറ്റാണെന്നും പിഴയായി 30,000 രൂപ അടയ്‌ക്കാനും നിർദേശിച്ചു.

പിഴ അടച്ചശേഷം യുവതിയുടെ അക്കൗണ്ടിൽ ബാലൻസ് എത്രയുണ്ടെന്ന് അറിയിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും തട്ടിപ്പുകാർ അക്കൗണ്ടിൽനിന്ന് പണം മുഴുവൻ പിൻവലിച്ചിരുന്നു. അക്കൗണ്ടിൽ 20,000 രൂപ മിനിമം ബാലൻസ് വേണമെന്ന് വീണ്ടും നിർദേശം വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് യുവതിക്ക് ബോധ്യമായത്.
പരാതി നൽകാൻ വാട്‌സ് ആപ് നമ്പർ

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്‌സ് ആപ്പ് നമ്പർ സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പറിൽ വാട്‌സ് ആപ്പ് വഴി വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്‌സ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിലൂടെയും (http://www.cybercrime.gov.in) 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പർ മുഖേനയും പരാതി അറിയിക്കാം.

