KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയ മരാമത്ത് പ്രവർത്തികൾക്കു പിന്നിലെ അഴിമതി അന്വേഷിക്കണം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയ മരാമത്ത് പ്രവർത്തികൾക്കു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ക്ഷേത്ര ക്ഷേമസമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പുമായ് ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് മുൻഗണനാ ക്രമം പാലിക്കാതെ നടത്തിയ മരാമത്ത് പ്രവർത്തികൾക്കു പിന്നിലെ അഴിമതിയും ക്രമ രഹിത നടപടികളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ക്ഷേത്ര ക്ഷേമസമിതി ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടത്.
ഇതു സംബന്ധിച്ച് നിലവിലുള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ദേവസ്വം അധികാരികൾക്കെതിരായ് വേലി തന്നെ വിളവു തിന്നുകയാണ് എന്ന പരാമർശം ഉണ്ടായത് അതീവ ഗുരുതരവും ദേവസ്വം അധികാരികളുടെ നിരുത്തരവാദ നടപടികളെയും സൂചിപ്പിക്കുന്നതുമാണ് യോഗം ചൂണ്ടിക്കാട്ടി. നാലമ്പലം നവീകരണ പ്രവർത്തിക്ക് 2011ൽ രണ്ടര കോടി രൂപയുടെ എസ്റ്റിമേറ്റിന്. ദേവസ്വം ബോർഡ് അംഗീകാരം നൽകുകയും ടെണ്ടർ നടപടി പൂർത്തികരിക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാസമയം തുടർനടപടികൾ സ്വീകരിക്കാത്തതുകാരണമുണ്ടായ കാലതാമസം കാരണം ഇപ്പോൾ 5 കോടിയിൽ അധികം രൂപ ചെലവഴിക്കേണ്ടി വന്നിരിക്കുന്നത്.
ഇതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി വേണം. ക്ഷേത്ര ഭരണാധികാരികളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ ക്ഷേത്ര ക്ഷേമ സമിതിയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന കള്ളപ്രചരണങ്ങളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും ക്ഷേത്രത്തിന്റെ സ്വകാര്യ റോഡുമായ ആനക്കുളം കിഴക്കെ നട റോഡ് വടയന കുളം എന്നിവയുടെ നവീകരണ പ്രവർത്തിയും കൊല്ലം ചിറയുടെ നവീകരണ പ്രർത്തി പൂർത്തീകരണവും അടിയന്തരമായി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
പ്രസിഡണ്ട് വി വി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി വി സുധാകരൻ റിപ്പോർട്ട് അവതരപ്പിച്ചു. രക്ഷാധികാരികളായ ഇ എസ് രാജൻ അഡ്വ.  ടി കെ രാധാകൃഷ്ണൻ. കൂടാതെ ശശിന്ദ്രൻ മുണ്ടയ്ക്കൽ. കെ പി ബാബു. പി  വേണു. രവീന്ദ്രൻ പുത്തലത്ത്. സന്തോഷ് പുത്തൻ പുരയിൽ. എം വിജയ കുമാർ, കെ പി ചന്ദ്രൻ, എൻ എം വിജയൻ. ശശി കോമത്ത്. മോഹനൻ പൂങ്കാവനം, ഗോപി പി പി, പ്രേമൻ നന്മന തുടങ്ങിയവർ സംസാരിച്ചു.
Share news