പാമ്പായി പെരുമ്പാമ്പിനെ പിടിച്ചു കഴുത്തിലിട്ടു പിന്നീട് സംഭവിച്ചത്.
കണ്ണൂർ: മദ്യപിച്ചു പാമ്പായി പെരുമ്പാമ്പിനെ പിടിച്ചു കഴുത്തിലിട്ടു. സെൽഫിയെടുക്കാൻ മോഹം. ഒടുവിൽ കഴുത്തിൽ ചുറ്റിയതോടെ കഥ മാറി.. വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിൽനിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കണ്ണൂർ വളപട്ടണം പഴയ ടോൾബൂത്തിന് സമീപത്തെ പെട്രോൾ പമ്പിൽ വ്യാഴാഴ്ച രാത്രിയായിരുന്നു പെരുമ്പാമ്പിനെയെടുത്ത് യുവാവിന്റെ ‘സാഹസിക’ പ്രകടനം.

മദ്യലഹരിയിൽ പെരുമ്പാമ്പുമായി പെട്രോൾ പമ്പിലെത്തിയ യുവാവ് പാമ്പിനെ തോളത്തിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തണമെന്ന് പമ്പ് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. വിവിധ പോസുകളിലുള്ള ചിത്രങ്ങൾ എടുക്കുന്നതിനിടെ പാമ്പ് യുവാവിന്റെ കഴുത്തിൽ വരിഞ്ഞുമുറുക്കി. ചുറ്റഴിച്ച് രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


ഒടുവിൽ നിലത്തു വീണതോടെ പെട്രോൾപമ്പിലെ ഒരു ജീവനക്കാരൻ ഓടിയെത്തി യുവാവിന്റെ കഴുത്തിൽനിന്ന് പാമ്പിന്റെ ചുറ്റഴിച്ചു. പിന്നീട് പാമ്പ് ഇഴഞ്ഞുപോയി. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

