കേന്ദ്ര സർക്കാർ അനുവദിച്ചാൽ എയിംസ് കിനാലൂരിൽ; മന്ത്രി വീണാ ജോർജ്
ബാലുശേരി: കേന്ദ്ര സർക്കാർ അനുവദിച്ചാൽ എയിംസ് കിനാലൂരിൽ തന്നെയായിരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ബാലുശേരി താലൂക്ക് ആശുപത്രി സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എയിംസിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. 150 ഏക്കർ ആരോഗ്യവകുപ്പിന് കെഎസ്‌ഐഡിസി നൽകിയിട്ടുണ്ട്.

അധികംവരുന്ന സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളും പൂർത്തിയാകുന്നു. കേന്ദ്രആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കേരളത്തിൻറെ വർഷങ്ങളായുള്ള ആവശ്യമാണ് എയിംസ്. ഇതുമായി ബന്ധപ്പെട്ട ഫയൽ കേന്ദ്രധനകാര്യമന്ത്രാലയത്തിൻറെ പരിഗണനയിലാണ്. കേന്ദ്ര പ്രഖ്യാപനത്തിനായി സംസ്ഥാനം കാത്തിരിക്കയാണെന്നും മന്ത്രി പറഞ്ഞു.
