KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങൾക്ക് മന്ത്രിസഭാ യോ​ഗം ക്യാഷ് അവാർഡ് അനുവദിച്ചു

തിരുവനന്തപുരം: 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരളതാരങ്ങൾക്ക് ഇന്നുചേർന്ന മന്ത്രിസഭാ യോ​ഗം ക്യാഷ് അവാർഡ് അനുവദിച്ചു. സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

മന്ത്രിസഭായോഗ തീരുമാനങ്ങൾ
പുതുക്കിയ ഭരണാനുമതി
പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിനോടനുബന്ധിച്ച്  ഓപ്പൺ എയർ തീയേറ്റർ ഉൾപ്പെടെ നിർമ്മിക്കുന്നതിനായി പ്രോജക്ടിൻ്റെ എസ്.പി. വി  ആയ കെ.എസ്.ഐ.ടി.ഐ.എൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ മുഖേന സമർപ്പിച്ച 285 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.

പി വി മനേഷിന് ഭവന നിർമ്മാണത്തിന് ഭൂമി
മുംബൈ ഭീകരാക്രമണത്തിൽ സാരമായി പരിക്കേറ്റ എൻ എസ് ജി കമാൻഡോ കണ്ണൂർ അഴീക്കോടെ പി വി മനേഷിന് ഭവന നിർമ്മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നൽകും. പുഴാതി വില്ലേജ് റീ.സ. 42/15ൽപ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്റ് ഭൂമിയാണ് സർക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാൽപ്പര്യം മുൻനിർത്തി സൗജന്യമായി പതിച്ച് നൽകുക.

Advertisements

കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി
കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി.  കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കണ്ണൂർ ഐടി പാർക്ക് പ്രഖ്യാപിച്ചത്.

കരാർ നിയമനം
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വിവിധ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 64 പ്രോജക്ട് സ്റ്റാഫുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

 

Share news