മത്സ്യതൊഴിലാളികളുമായി പോയ ഫൈബർ വള്ളത്തിൻ്റെ എഞ്ചിൻ തകരാറിലായി. 30ഓളം തൊഴിലാളികളെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി
കൊയിലാണ്ടി: എഞ്ചിൻ തകരാറിലായി നടുക്കടലിൽ അകപ്പെട്ട 30 ഓളം മത്സ്യ തൊഴിലാളികളെയും ഫൈബർ വള്ളവും റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഭാരതാംബ എന്ന ഫൈബർ വള്ളത്തിൽ ഇന്ന് പുലർച്ചെ 5 മണിക്കാണ് 30 പേരടങ്ങുന്ന സംഘം പുറപ്പെട്ടത്. തുടർന്ന് 10 നോട്ടിക്കൽ മൈൽ അകലെ വെച്ച് എഞ്ചിൽ തകരാറിലാകുകയായിരുന്നു. മണിക്കൂറുകളോളമാണ് ഇവർ നടുക്കടലിൽ കുടുങ്ങിയത്.
ബോട്ടിൽ നിന്ന് അറിയിപ്പ് കിട്ടിയ ഉടനെ മറൈൻ എൻഫോഴ്സ്മെൻ്റിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയ റെസ്ക്യൂം ടീം സർവ്വ സന്നാഹങ്ങളുമായി പുറപ്പെട്ട് പുറംകടലിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഒടുവിൽ വഞ്ചി കെട്ടിവലിച്ച് വൈകീട്ട് 4.40 ഓടെ ഇവരെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. കൊയിലാണ്ടി കണ്ണൻകടവ് ബീച്ചിലെ പരീക്കണ്ടി പറമ്പിൽ അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി.

റെസ്ക്യൂ ടീം അംഗങ്ങളായ സിപിഒ അരുൺ കെ, റെസ്ക്യൂ ഗാർഡ് മിഥുൻ കെ.വി, സായൂജ് സി, കെ, സ്രാങ്ക് രാജൻ, സുനിൽ എന്നിവരടങ്ങിയ സംഘമാണ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തയത്.

