KOYILANDY DIARY.COM

The Perfect News Portal

ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമലയിലെ നിയുക്ത മേല്‍ശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചെറുപ്പുളശേരി തെക്കുംപറമ്പത്ത് ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ചങ്ങനാശേരി തുരുത്തി വാഴപ്പള്ളി പുതുമന ഇല്ലത്ത് എം.ഇ. മനുകുമാറും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് നടുക്കെടുപ്പ് നടന്നത്. ചെറുപ്പുളശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് 42കാരനായ ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഗുരുവായൂര്‍ മേല്‍ശാന്തിയായും ഇദ്ദേഹം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേല്‍ശാന്തി ലിസ്റ്റിലെ പന്ത്രണ്ടാമനായിരുന്നു അദ്ദേഹം. 15 പേരടങ്ങുന്ന അന്തിമ ലിസ്റ്റാണ് നറുക്കെടുപ്പിനായി തയ്യാറാക്കിയിരുന്നത്.

ഒരു വെള്ളി കിണ്ണത്തില്‍ 15 പേരുടെയും പേരടങ്ങിയ ലിസ്റ്റ്, മറ്റൊരു കിണ്ണത്തില്‍ മേല്‍ശാന്തി എന്ന് രേഖപ്പെടുത്തിയ കുറിയും 14 ശൂന്യ പേപ്പറുകളും ചുരുട്ടി ശ്രീകോവിലില്‍ തന്ത്രി കണ്ഠരര് രാജീവര് ഇരു കിണ്ണങ്ങളും അയ്യപ്പ വിഗ്രഹത്തിന് മുമ്ബില്‍ സമര്‍പ്പിച്ച്‌ പൂജ നടത്തി. പന്തളം കൊട്ടാരത്തിലെ ഏഴ് വയസുകാരന്‍ നവനീത് വര്‍മ്മയാണ് നടുക്കെടുപ്പ് നടത്തിയത്. ആദ്യ നറുക്കില്‍ തന്നെ പേരും മേല്‍ശാന്തിയും എന്ന് രേഖപ്പെടുത്തിയ കുറികള്‍ ലഭിച്ചതോടെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് മാളികപ്പുറത്ത് നടന്ന മേല്‍ശാന്തി തിരഞ്ഞെടുപ്പിലും ആദ്യ നറുക്കില്‍ തന്നെ മനുകുമാറിനെയും മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ നറുക്കില്‍ തന്നെ രണ്ടിടത്തും മേല്‍ശാന്തിമാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ചങ്ങനാശേരിക്കാവ് ദേവസ്വത്തിലെ മേല്‍ശാന്തിയാണ് 39കാരനായ മനുകുമാര്‍. കൊട്ടാരക്കര ഗണപതിക്ഷേത്രം, പമ്ബാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം.മനോജിന്റെ നിയന്ത്രണത്തിലാണ് നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *