KOYILANDY DIARY

The Perfect News Portal

തിയാങോങ്-2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു

ബെയ്ജിങ് :  ചൈനയുടെ തിയാങോങ്-2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു. ബഹിരാകാശ സഞ്ചാരികളായ ജിങ് ഹായ്പെങ് (50), ചെന്‍ ദോങ് (37) എന്നിവരെ വഹിച്ചുള്ള ഷെന്‍ഷൂ-11 പേടകമാണ് വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 5.30ന് പുറപ്പെട്ടത്.

രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം പേടകം ബഹിരാകാശനിലയമണയും. ഇവിടെ ഗവേഷണങ്ങളുമായി ജിങ്ങും ചെന്നും ഒരു മാസമാണു തങ്ങുന്നത്. 2022 ആകുമ്പോഴേക്കും ബഹിരാകാശത്തു സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണു പുതിയ ദൗത്യം. സ്വര്‍ഗീയ പേടകം എന്നര്‍ഥം വരുന്ന ഷെന്‍ഷു-പതിനൊന്നിലെ യാത്രക്കാരായ ജിങ്ങും ചെന്നും ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായാണു പുറപ്പെട്ടത്.

ഇരുവരും തിയാന്‍ഗോങ്-രണ്ട് സ്പേസ് ലബോറട്ടറിയില്‍ മുപ്പതുദിവസം ഗവേഷണപരീക്ഷണങ്ങള്‍ നടത്തും. ഗോബി മരുഭൂമിയിലെ ചിയുകുവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്നു ലോങ് മാര്‍ച്ച്‌ ടൂ-എഫ് റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഷെന്‍ഷു പേടകം വിക്ഷേപിച്ചത്. ഒരുമാസം മുന്‍പു ചൈന ബഹിരാകാശത്തു സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക.

പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും. നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണു ചൈന മനുഷ്യരെ എത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്. അധികം വൈകാതെ ഇതു വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *