KOYILANDY DIARY.COM

The Perfect News Portal

ഗണിതത്തെ മെരുക്കാനും മനക്കാമ്പിൽ തളയ്ക്കാനും ക്ലാസ് മുറികളിൽ ‘മഞ്ചാടി’

കോഴിക്കോട്: ഗണിതത്തെ മെരുക്കാനും മനക്കാമ്പിൽ തളയ്ക്കാനും ക്ലാസ് മുറികളിൽ ‘മഞ്ചാടി’യെത്തുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി കെ ഡിസ്ക് വികസിപ്പിച്ചെടുത്ത പഠനരീതിയാണ് കുട്ടികൾക്ക് കൂട്ടിനെത്തുന്നത്. എസ്എസ്‌കെ ആഭിമുഖ്യത്തിൽ വിദ്യാകിരണം മിഷനും എസ്‌സിഇആർടിയുമായി ചേർന്ന് ആദ്യഘട്ടത്തിൽ 100 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

 
2019ലാണ്‌ കെ ഡിസ്ക് മഞ്ചാടി പദ്ധതിക്ക്‌ തുടക്കംകുറിച്ചത്‌. ക്രിയകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഗണിതം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത്‌ വിജയമായതോടെ എസ്‌സി-എസ്‌ടി വകുപ്പ്‌ സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും നടപ്പാക്കി.  സർക്കാരിൻറെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ഇപ്പോൾ നാലുജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുന്നത്‌.
 
 കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സബ് ജില്ലയിൽപ്പെട്ട പത്ത് സ്കൂളുകളിലും കാസർകോട്‌, കണ്ണൂർ  ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലും കോഴിക്കോട് നഗരത്തിലെ പ്രിസം പദ്ധതിയിൽപ്പെട്ട നാലുവിദ്യാലയങ്ങളിലും അഞ്ചാം ക്ലാസിലാണ്‌ ഈ പാഠ്യരീതി പ്രവർത്തിക്കുന്നത്‌. ഗണിതത്തിലെ ഭിന്നസംഖ്യകൾ പഠിപ്പിക്കുന്നതിലെ പരിമിതി മറികടക്കുന്നതിനുള്ള പദ്ധതിയാണ്‌ ആവിഷ്‌കരിക്കുന്നത്‌.
 
 ഗവേഷണ സ്വഭാവത്തിലുള്ള നിർവഹണമാണ് നൂറ് സ്കൂളുകളിലൂടെ ലക്ഷ്യമിടുന്നത്. എസ്‌സിഇആർടി ചുമതലപ്പെടുത്തുന്ന ഗവേഷണ സംഘം പദ്ധതിയുടെ ഭാഗമായി കുട്ടികളിലുണ്ടായ വ്യതിയാനങ്ങൾ പഠനവിധേയമാക്കും. സംസ്ഥാനതല ശിൽപ്പശാല മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ഡോ. എ കെ അബ്ദുൾ ഹക്കിം അധ്യക്ഷത വഹിച്ചു. മഞ്ചാടി സംസ്ഥാന കോ ഓർഡിനേറ്റർ കെ കെ ശിവദാസൻ പദ്ധതി വിശദീകരിച്ചു.
വിദ്യാകിരണം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. ഇ കെ ഷാജി, ഡോ. അമൃത മുരളീധരൻ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. ശിൽപ്പശാല ചൊവ്വാഴ്ച സമാപിക്കും. പി പി മനോജ് സ്വാഗതവും വി വിനോദ് നന്ദിയും പറഞ്ഞു.

 

Share news