പതിനാല് ലക്ഷത്തിലേറെ വിലവരുന്ന സ്വർണ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ച് എം കെ സ്റ്റാലിന്റെ പത്‌നി

തൃശൂർ: പതിനാല് ലക്ഷത്തിലേറെ വിലവരുന്ന സ്വർണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പത്‌നി ദുർഗ സ്റ്റാലിൻ. 32 പവൻ തൂക്കം വരുന്ന സ്വർണ കിരീടമാണ് ഭഗവാന് നേർച്ചയായി സമർപ്പിച്ചത്. ഇതിനൊപ്പം ചന്ദനത്തിന്റെ തേയ അരയ്ക്കുന്ന ഉപകരണവും സമർപ്പിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഈ യന്ത്രത്തിന്റെ വില.

ഇന്ന് രാവിലെ ഗുരുവായൂരിലെത്തിയ ദുർഗ സ്റ്റാലിൻ ഉച്ചപൂജയുടെ സമയത്തായിരുന്നു ക്ഷേത്രദർശനത്തിനെത്തിയത്. കോയമ്പത്തൂരിലെ വ്യവസായിയുടെ സഹായത്തോടെയായിരുന്നു സ്വർണ കീരിട സമർപ്പണം. കിരീടം നിർമിക്കാനുള്ള അളവും മറ്റും നേരത്തെ തന്നെ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയിരുന്നു.

