വന്ദേ ഭാരതിൽ ടിക്കറ്റെടുക്കാതെ കയറി; യുവാവിനെ കെെയോടെ പൊക്കി ഉദ്യോഗസ്ഥർ

ഹെെദരാബാദ്: ടിക്കറ്റെടുക്കാതെ ഒളിച്ച് വന്ദേ ഭാരതിൽ കയറിയ യുവാവിനെ കെെയോടെ പൊക്കി ഉദ്യോഗസ്ഥർ. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. ഇയാൾ ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയ ശേഷം ടോയ്‌ലറ്റിനുള്ളിൽ ഒളിച്ചിരുന്നു.
ട്രെയിൻ ഗുഡൂർ ഭാഗത്തെത്തിയപ്പോൾ യുവാവ് ഉള്ളിലിരുന്ന് സിഗരറ്റ് വലിച്ചു. പിന്നാലെ ട്രെയിനിലെ ഫയർ അലാറങ്ങൾ മുഴങ്ങുകയും ഓട്ടോമാറ്റിക് അഗ്‌നിശമന ഉപകരണം കമ്പാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്‌പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തുടർന്ന് ഇവർ കമ്പാർട്ടുമെന്റിലെ എമജൻസി ഫോൺ ഉപയോഗിച്ച് ട്രെയിൻ ഗാർഡിനെ വിവരം അറിയിച്ചു. പിന്നാലെ ട്രെയിൻ മനുബുലു സ്റ്റേഷന് സമീപം നിർത്തി.

തുടർന്ന് ഉദ്യാേഗസ്ഥർ അലാറം കേട്ട കോച്ചിൽ പരിശോധന നടത്തിയപ്പോഴാണ് ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് ടോയ്‌ലറ്റിന്റെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്. തുടർന്ന് പ്രതിയെ പൊലീസിൽ ഏൽപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. സി 13 കോച്ചിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.

