KOYILANDY DIARY.COM

The Perfect News Portal

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മര്‍ദിച്ചു

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മര്‍ദിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. ആക്രമണത്തിൽ പരിക്കേറ്റ പമ്പ് ജീവനക്കാരനായ ബിജു ആശുപത്രിയിൽ ചികിത്സ തേടി.

യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെടുകയായിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിന്‍റെ പശ്ചാത്തലത്തില്‍ കുപ്പിയില്‍ ഇന്ധനം നല്‍കരുതെന്ന് പൊലീസ് പമ്പുടമകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ കുട്ടികള്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി അക്രമിക്കുകയായിരുന്നു എന്നാണ് പമ്പ് ജീവനക്കാര്‍ പറയുന്നത്.

പമ്പ് ജീവനക്കാരനായ ബിജുവിന്‍റെ തലക്കും കാലിനുമാണ് പരുക്കേറ്റത്. പെട്രോള്‍ പമ്പില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പമ്പുടമകള്‍ പറഞ്ഞു. പെട്രോള്‍ പമ്പുടമയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

Advertisements

 

Share news