KOYILANDY DIARY.COM

The Perfect News Portal

അദാലത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റ്‌: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിൽനിന്ന്‌ കണ്ടെത്തിയത്‌ 35 ലക്ഷം രൂപയും 70 ലക്ഷം ബാങ്ക് നിക്ഷേപവും

മണ്ണാർക്കാട്: അദാലത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റ്‌. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിൽനിന്ന്‌ കണ്ടെത്തിയത്‌ 35 ലക്ഷം രൂപയും 70 ലക്ഷം ബാങ്ക് നിക്ഷേപവും 17 കിലോ നാണയവും. മണ്ണാര്‍ക്കാട് താലൂക്ക് അദാലത്തില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി വി. സുരേഷ് കുമാറിൽ  നിന്നാണ് ഇത്രയധികം പണം കണ്ടെത്തിയത്.

ബാങ്കില്‍ 45 ലക്ഷം രൂപ സ്ഥിരം നിക്ഷേപവും 25 ലക്ഷം രൂപ സേവിങ്സുമാണ്‌. ഇയാള്‍ താമസിക്കുന്ന മണ്ണാര്‍ക്കാട്ടെ ക്വാർട്ടേഴ്സിലെ മുറിയില്‍നിന്ന് കണ്ടെത്തിയ 35 ലക്ഷം രൂപ പെട്ടിയിലാണ്‌ സൂക്ഷിച്ചിരുന്നത്‌. പാലക്കയം വില്ലേജ്‌ ഓഫീസിലാണ് സുരേഷ് കുമാറിന്റെ ജോലി.

മഞ്ചേരി സ്വദേശിയുടെ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കറിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ കൈവശമാണെന്ന്‌ വ്യക്തമായി. സുരേഷ് കുമാറിനെ ഫോണിൽ വിളിച്ചപ്പോൾ 2500- രൂപ  ആവശ്യപ്പെട്ടു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജിൽ എത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നുവെന്ന്  പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എസ്‌ ഷംസുദ്ദീന്‍ പറഞ്ഞു.

Advertisements

കാറിൽവച്ച്‌ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ സുരേഷ് കുമാറിനെ വിജിലന്‍സ് സംഘം പിടികൂടിയത്‌. ഇതേ പരാതിക്കാരനിൽ നിന്നും ആറുമാസം മുമ്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്. ഇയാളുടെ തിരുവനന്തപുരത്തെ പൂട്ടികിടക്കുന്ന വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്‌പി എസ്‌ ഷംസുദ്ദീന്‍,- ഇൻസ്പെക്ടർമാരായ ഫിലിപ്പ്, ഫാറൂഖ്, സബ് ഇൻസ്പെക്ടർമാരായ കെ സുരേന്ദ്രൻ, പി മനോജ്, ഗസറ്റഡ് ഓഫീസർമാരായ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ ബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ സുരേഷ്‌കുമാറിനെ വില്ലേജ് ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

 

Share news