KOYILANDY DIARY

The Perfect News Portal

ഗണപതി പ്രീതിക്കായി കാസർകോട് മുതൽ ഗോകർണം വരെ ഒരു യാത്ര

ഹൈന്ദവ വിശ്വാസികൾ പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നല്‍കാറുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും ഗണപതി മാറ്റുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. അതിനാല്‍ വിശ്വാസികളില്‍ പലരും ഭാഗ്യവും അനുഗ്രഹവും തേടി ഗണപതി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക. പതിവാണ്. ഇന്ത്യയില്‍ എവിടെ ചെന്നാലും അവിടെ ഒരു ഗണപതി ക്ഷേത്രം കാണാതിരിക്കില്ല. ഗണപതിക്കുള്ള ജനപ്രീതിയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്‍കോട് മുതല്‍ കര്‍ണാടകത്തിലെ ഗോകര്‍ണം വരെയുള്ള തീരദേശത്ത് 6 ഗണപതി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേവലം മൂന്നൂറു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ആറു ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം തന്നെ ഈ ആറ് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിലൂടെ കൂടുതല്‍ പുണ്യം ലഭിക്കുമെന്ന് ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്. മാത്രമല്ല യാത്രയ്ക്കിടെ തീരദേശത്തിലെ സുന്ദര കാഴ്ചകള്‍ ആസ്വദിക്കുകയുമാവാം. അപ്പോള്‍ നമുക്ക് യാത്ര തുടങ്ങാം. ആറ് ഗണപതി ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തണമെങ്കില്‍ പുലര്‍ച്ചെ തന്നെ യാത്ര ആരംഭിക്കണം. അതിനാല്‍ തലേദിവസം തന്നെ എത്തി കാസര്‍കോട്ടേ ഏതെങ്കിലും നല്ല ഹോട്ടലുകളില്‍ തങ്ങുന്നതാണ് ഉചിതം. എല്ലാ ക്ഷേത്രങ്ങളിലും സന്ദര്‍ശിച്ച് ദര്‍ശനം നടത്താന്‍ ഏകദേശം 7 മണിക്കൂര്‍ വരും.

മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം

ആറ് ഗണപതി ക്ഷേത്രങ്ങളില്‍ ഒരു ക്ഷേത്രം കേരളത്തിലെ കാസര്‍കോടാണ് അതിനാല്‍ അവിടെനിന്ന് ആകാം ആദ്യ ദര്‍ശനം. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രമാണ് യാത്രയില്‍ ആദ്യമായി നമ്മള്‍ ദര്‍ശനം നടത്താന്‍ പോകുന്ന ക്ഷേത്രം. കാസര്‍കോട് നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നു എങ്കിലും ഇത് ശിവക്ഷേത്രമാണ്. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്. ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. ഗണപതിയെ ഉണ്ണിയപ്പത്തില്‍ മൂടുന്ന ഒരു ചടങ്ങും ഇവിടെ നടക്കാറുണ്ട്. മൂടപ്പ സേവ എന്നാണ് ഇത് അറിയപ്പെടുന്നത്.

Advertisements

ഷറാവ് മഹാഗണപതി ക്ഷേത്രം

മാധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം നേര പോകേണ്ടത് മംഗലാപുരത്തേക്കാണ്. കാസര്‍കോട് നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്രയേയുള്ളു ഇവിടേയ്ക്ക്. മംഗലാപുരത്താണ് രണ്ടാമത്തെ ഗണപതി ക്ഷേത്രമായ ഷറാവ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മംഗലാപുരം നഗരത്തിന്‍റെ ഹൃദയഭാഗത്ത് ആയതിനാല്‍ ക്ഷേത്രം തേടി അലയേണ്ട കാര്യമില്ല. മംഗലാപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം കൂടിയാണ് ഈ ക്ഷേത്രം.

കുംബാശിയിലെ ഗണപതി

മംഗലാപുരത്ത് നിന്ന് എകദേശം ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നിങ്ങള്‍ക്ക് കുംബാശിയില്‍ എത്താം അവിടെയാണ് പ്രശസ്തമായ മറ്റൊരു ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആനേഗുദ്ദി ശ്രീ വിനായക ക്ഷേത്രം (Annegudde Sri Vinayaka Temple) എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞാല്‍ നമുക്ക് യാത്ര ചെയ്യേണ്ടത് ഉടുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമത്തിലാണ്.

സിദ്ധി വിനായക ക്ഷേത്രം

മുംബൈയാണ് സിദ്ധിവിനായക ക്ഷേത്രത്തിന് പേരുകേട്ടത് എന്നാല്‍ നമ്മള്‍ പോകുന്ന വഴിയിലും ഒരു സിദ്ധിവിനായക ക്ഷേത്രമുണ്ട്. ഉടുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കിലെ കൊച്ചു ഗ്രാമമായ ഹട്ടിയങ്ങടിയിലാണ് (Hattiangadi) ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംബാശിയില്‍ നിന്ന് ഇവിടെയെത്താന്‍ 20 മിനുറ്റ് ഡ്രൈവ് ചെയ്താല്‍ മതി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം കാലങ്ങളായി പുതുക്കി പണിതിട്ടുണ്ട്. ഒറ്റക്കല്ലില്‍ തീര്‍ത്ത, ഗണപതിയുടെ 2.5 അടി ഉയരമുള്ള ഒരു വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ഇടുഗുഞ്ചി ഗണപതി ക്ഷേത്രം

ഹട്ടിയങ്ങടിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായുള്ള ഇടുഗുഞ്ചി എന്ന സ്ഥലത്തേക്കാണ് നമ്മുടെ അടുത്ത യാത്ര. ഉടുപ്പി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ഇടുഗുഞ്ചി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1500ല്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് ഇവിടുത്തെ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. രാവിലെ യാത്ര പുറപ്പെട്ടാല്‍ ഉച്ചഭക്ഷണത്തിനുള്ള സമയത്ത് നിങ്ങള്‍ക്ക് ഇവിടെ എത്താം. ഈ ക്ഷേത്രത്തില്‍ ഭക്ഷണം സൌജന്യമാണ്. പ്രസാദമായി കിട്ടുന്ന ഉച്ചഭക്ഷണത്തിന് ശേഷം ഗോകര്‍ണത്തിലേക്ക് യാത്ര തിരിക്കാം.

ഗോകര്‍ണ ഗണപതി ക്ഷേത്രം

നമ്മുടെ യാത്ര അവസാനിക്കുന്നത് ഗോകര്‍ണത്തുള്ള ഗണപതി ക്ഷേത്രത്തിലാണ്. ഇടുഗുഞ്ചിയില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെയെത്താന്‍. ഗോകര്‍ണത്തെ പ്രശസ്ത ക്ഷേത്രമായ മഹാബലേശ്വര്‍ ക്ഷേത്രത്തിന് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹബലേശ്വര്‍ ക്ഷേത്ര സന്ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ ഇവിടെ സന്ദര്‍ശിക്കുക പതിവാണ്.