ചൂട് കാരണം വീടിന് പുറത്ത് കിടന്നുറങ്ങി; സ്ത്രീയെ കടുവ കടിച്ചു കൊന്നു
മുംബൈ: ചൂട് കാരണം വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന 53കാരിയെ കടുവ കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ വനമേഖലയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സ്ത്രീയെ കടുവ ആക്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സാവോലി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ല വിർഖൽപക് ഗ്രാമത്തിലാണ് 53കാരിയായ മന്ദബായ് സിദാം താമസിച്ചിരുന്നത്.

ഇവർ രാത്രിയിലെ ചൂട് സഹിക്കാൻ കഴിയാതെ വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ കടുവ ഇവരെ ആക്രമിച്ചു. സ്ത്രീ വലിയ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് കടുവ ഇവരെ ഉപേക്ഷിച്ച് തിരിച്ച് കാട്ടിലേയ്ക്ക് പോയി. എന്നാൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മന്ദബായ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്.

മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയതായി ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഡോ. ജിതേന്ദ്ര രാംഗോങ്കർ പറഞ്ഞു. വനംവകുപ്പിന്റെ റിപോർട്ട് പ്രകാരം ഈ വർഷം ഇതുവരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇവിടെ എട്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ചന്ദ്രപൂരിൽ ഇത്തരം ആക്രമണങ്ങളിൽ 53 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് വിവരം.

