KOYILANDY DIARY.COM

The Perfect News Portal

വീട്ടിൽ നിന്ന് വഴക്കിട്ട് മുത്തശ്ശിയുടെ അടുത്തേക്ക്; 24 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി പതിനൊന്നുവയസുകാരൻ

മാതാപിതാക്കളും മക്കളും തമ്മിൽ വഴക്ക് വളരെ സർവസാധാരണമാണ്. കാണിക്കുന്ന കുറുമ്പുകൾക്കും ചെയ്യുന്ന തെറ്റുകൾക്ക് വീട്ടിൽ നിന്ന് ശകാരങ്ങൾ കേൾക്കുന്നത് ആരും കാര്യമായി എടുക്കാറില്ല. അമ്മയോ അച്ഛനോ വഴക്കുപറഞ്ഞാൽ മുത്തശ്ശനോ മുത്തശ്ശിയോടോ പരാതി പറയാനാണ് കുഞ്ഞുങ്ങൾ ആദ്യം ഓടിച്ചെല്ലുക. എന്നാൽ അങ്ങനെ പരാതി പറയാൻ ചെന്ന പതിനൊന്നു വയസുകാരൻ പിന്നിട്ടത് 130 കിലോമീറ്ററാണ്.

മുത്തശ്ശിയുടെ വീട്ടിലേക്ക് അമ്മയെ കുറിച്ച് പരാതി പറയാന്‍ 24 മണിക്കൂറാണ് പതിനൊന്നുകാരന്‍ സൈക്കിള്‍ ചവിട്ടിയത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം. 22 മണിക്കൂറില്‍ 130 കിമീറ്ററാണ് കുട്ടി സൈക്കിളില്‍ പിന്നിട്ടത്. എക്സ്പ്രസ് ഹൈവേ ടണലില്‍ ക്ഷീണിതനായ നിലയില്‍ കുട്ടിയെ ഏപ്രിൽ 2 ന് പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു.

വഴി തെറ്റിയതാണ് യാത്രയും സമയവും കൂടാൻ കാരണമെന്ന് കുട്ടി പറയുന്നു. മുത്തശ്ശിയുടെ വീട്ടിലെത്തുന്നതിന് 10 കിമീ ദൂരം കൂടി ബാക്കിയുള്ളപ്പോഴാണ് കുട്ടിയെ ക്ഷീണിതനായ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കൈയിൽ കരുതിയ ബ്രഡ്ഡും വെള്ളവുമാണ് യാത്രമധേ കഴിച്ചതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. വഴക്കിനിടയ്ക്ക് മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുമെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അതുപോലെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

Advertisements
Share news