KOYILANDY DIARY.COM

The Perfect News Portal

റിയോ ഒളിമ്ബിക്സില്‍ നാലാസ്ഥാനം നേടിയ ദീപ കര്‍മാകറെ അഭിനന്ദിച്ച്‌ മഞ്ജുവിന്‍രെ ഫേയ്സ്ബുക്ക് പോസ്റ്റ്

റിയോ ഒളിമ്ബിക്സില്‍ നാലാസ്ഥാനം നേടിയ ദീപ കര്‍മാകറെ അഭിനന്ദിച്ച്‌ മഞ്ജുവിന്‍രെ ഫേയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ രൂപം. ഒന്നിനെക്കാള്‍ വലുതാണ് നാല് എന്ന് നാം തിരിച്ചറിഞ്ഞ ദിനം കൂടിയാണിന്ന്. ജീവനേക്കാള്‍ വലുതാണ് ഇന്ത്യയെന്ന വികാരമെന്ന് തെളിയിച്ച്‌ ദീപ കര്‍മാകര്‍ വായുവില്‍ മഴവില്ലുപോലെ വളഞ്ഞിറങ്ങിയപ്പോള്‍ 133കോടി ജനങ്ങളുടെ അഭിമാനത്തില്‍ മൂവര്‍ണം പുരളുന്നു. 69വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ഒരു അര്‍ധരാത്രിയെ ഓര്‍മിപ്പിച്ചുകൊണ്ട് ഭാരതം അഭിമാനപൂര്‍വം ശിരസ്സുയര്‍ത്തുന്നു. അവിസ്മരണീയമായ സ്വാതന്ത്ര്യരാവ്. രാജ്യത്തിന്റെ വിദൂരമായ ഒരു മുനമ്ബുപോലെ സ്ഥിതി ചെയ്യുന്ന ത്രിപുരയില്‍ ജനിച്ച ദീപ മൃതിയേക്കാള്‍ ഭയക്കുന്നത് ഒരുപക്ഷേ തോല്‍വിയെയാകാം. ആ മത്സരവീര്യവും നിശ്ചയദാര്‍ഢ്യവുമാണ് അപകടകരമായ പ്രൊഡുനോവ എന്ന ജിംനാസ്റ്റിക് ഇനം അവതരിപ്പിക്കാന്‍ അവളെ പ്രേരിപ്പിച്ചതും. നഷ്ടപ്പെടുവാനില്ലൊന്നും, എന്റെ ജീവനല്ലാതെ എന്നു പറഞ്ഞുകൊണ്ടാണ് ദീപ റിയോയുടെ ആകാശത്ത് രണ്ടുവട്ടംകരണംമറിഞ്ഞത്. ജീവിതത്തിന്റെ മലമടക്കുകള്‍ താണ്ടിയെത്തിയ ഒരാള്‍ക്ക് കൊടുമുടികള്‍ വെറും നിസാരം. അതിനുമപ്പുറമുള്ള ഒരു ഉയരമാണ് അവള്‍ തേടിയതും നേടിയതും. മെയ്യഭ്യാസത്തിലെ രാജ്യത്തിന്റെ ആദ്യ ഒളിമ്ബിക്സ് പ്രകടനത്തിനുമപ്പുറം വെറും 23 വയസ്സുള്ള ഒരു പെണ്‍കുട്ടി നമുക്ക് തന്നത് നൂറിരട്ടി സുവര്‍ണത്തിളക്കമുള്ള മറ്റൊന്നാണ്. നിര്‍ഭയയായ ഒരുവള്‍ക്ക് തടസ്സമാകാന്‍ ലോകത്തിലെ ഒന്നിനും സാധിക്കില്ലെന്ന വലിയ പാഠം.

Share news