KOYILANDY DIARY.COM

The Perfect News Portal

ബത്തേരിയിൽ കാട്ടാനയിറങ്ങി, നടപ്പാതയില്‍ നിന്നയാളെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു.

കൽപറ്റ: വയനാട് ബത്തേരി നഗര മധ്യത്തിൽ കാട്ടാനയിറങ്ങി. കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു. ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പിയാണ് ആക്രമണത്തിനിരയായത്. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്.

നഗരമധ്യത്തിലൂടെ നടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരിക്കുകളോടെ തമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്നാട്ടില്‍ നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നത്. ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്ന ഈ ആന 50 ലധികം വീടുകളും തകർത്തിരുന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.

Advertisements
Share news