KOYILANDY DIARY

The Perfect News Portal

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം

കോഴിക്കോട് > കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍  തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ഉന്തുവണ്ടികളും ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും നിരവധി ബോഡി പാര്‍ട്സും പിടിച്ചെടുത്തു. ജില്ലയില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളിലും, തട്ടുകടകളിലുമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പ്രമോദ്, ജെ എച്ച്ഐമാരായ റഹീം, റജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പല ഹോട്ടലുകളിലും തട്ടുകടകളിലും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്നതെന്നും ആരോഗ്യവിഭാഗം പരിശോധനയില്‍ കണ്ടെത്തി. തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിലെ തട്ടുകടകളിലൊന്ന് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിന് മുന്നിലെ മുന്നിലെ പതിനഞ്ചോളം തട്ടുകടകളില്‍ ഒരു ദിവസത്തിനകം ശുചിത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

തട്ടുകടകളിലേക്ക് വെള്ളമെത്തിക്കുന്ന ടാങ്കല്‍ ലോറി പരിശോധിച്ച ആരോഗ്യവിഭാഗം അധികൃതര്‍ വെള്ളത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന രേഖകള്‍ അടിയന്തരമായി ഹാജരാക്കാന്‍ ലോറിയുടമക്ക് നോട്ടീസ് നല്‍കി. നേരത്തെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലുകള്‍ ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ച് വീഴ്ച വരുത്തിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. കോവൂര്‍ ഭാഗത്തെ ഒരു ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു.
കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഓഫീസര്‍ വത്സന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബീച്ചില്‍ പരിശോധന നടത്തിയത്. ഉപ്പിലിട്ടവ വില്‍പ്പന നടത്തുന്ന ഉന്തുവണ്ടി പിടികൂടി. ഇതിലെ ഭക്ഷണപദാര്‍ഥങ്ങളിലെല്ലാം പുഴുവരിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 15 ഉന്തുവണ്ടികള്‍ പിടികൂടിയിരുന്നു.

Advertisements