KOYILANDY DIARY.COM

The Perfect News Portal

ഗുരുവി ന്റെ നൂറ്റിയൊന്നാം പിറന്നാള്‍ നാടിന്റെ ആഘോഷമായി

കൊയിലാണ്ടി > കഥകളിയുടെയും നൃത്തത്തിന്റെയും വേദികളില്‍ വിസ്മയമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ നൂറ്റിയൊന്നാം പിറന്നാള്‍ നാടിന്റെ ആഘോഷമായി. രാവിലെ കുടുംബക്ഷേത്രത്തിലേക്കും ചേലിയ മണല്‍തൃക്കോവില്‍ ക്ഷേത്രത്തിലേക്കുമുളള സന്ദര്‍ശനത്തോടെയായിരുന്നു  പിറന്നാള്‍ ദിനത്തിന്റെ തുടക്കം. ഉച്ചക്ക് വീട്ടിലൊരുക്കിയ പിറന്നാള്‍ സദ്യയുണ്ണാന്‍ കുടുംബത്തോടൊപ്പം കലാരംഗത്തെ നിരവധി പ്രിയപ്പെട്ടവരുമുണ്ടായിരുന്നു.

വൈകീട്ട് 3 മുതല്‍ രാത്രിവരെ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പിറന്നാള്‍ ദിന പരിപാടി ആസ്വദിക്കാനും ഗുരുവിന്റെ അനുഗ്രഹം വാങ്ങാനുമായി നിരവധി പേരാണ് എത്തിയത്. നൂറ്റൊന്നാം പിറന്നാള്‍ദിന പരിപാടി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ ദാസന്‍ എംഎല്‍എ അധ്യക്ഷനായി.  നൂറാം പിറന്നാള്‍ ദിനത്തിലാരംഭിച്ച ‘ധന്യം’ എന്ന ഒരു വര്‍ഷത്തെ പരിപാടിയുടെ സമാപനവും നൂറ്റൊന്നാം പിറന്നാളിനോടനുബന്ധിച്ച് ഗുരുവിന്റെ കഥകളി വിദ്യാലയത്തിന്റെ നേതൃത്വത്തിലാരംഭിക്കുന്ന കേളി എന്ന കലാസ്വാദകസംഘത്തിന്റെ തുടക്കവും വേദിയില്‍  നടന്നു.

udgadanam

കഥകളിയിലെന്നതുപോലെ കേളികൊട്ടോടെയായിരുന്നുആഘോഷപരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ഗുരു നിത്യവിസ്മയം എന്ന പി കെ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഗുരുവിനെ ക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഈ  വര്‍ഷം വിവരണത്തിന് പ്രൊഫ. അലിയാര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ഡോക്യുമെന്ററിയാണിത്. തുടര്‍ന്ന് ഗുരുവിന്റെ ശിഷ്യന്‍ കൂടിയായ ഭരതാഞ്ജലി മധുസൂദനന്‍ സംവിധാനം ചെയ്ത നൃത്താര്‍ച്ചനയോടെ ഗുരുവിന് വേദിയിലേക്ക് സ്വാഗതമോതി. നാദസ്വരത്തിന്റെ അകമ്പടിയോടെ ഗുരുവിനെയും അതിഥികളെയും വേദിയിലേക്ക് ആനയിച്ചു. ഗുരുവിന്റെ ജന്മഗ്രാമമായ ചേലിയ ഗ്രാമത്തെ സമ്പൂര്‍ണ കഥകളി ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള കേളി എന്ന കലാസ്വാദക സംഘത്തിന്റെ അംഗത്വകാര്‍ഡ് കെ ബാലകൃഷ്ണപ്പണിക്കര്‍ക്ക് നല്‍കി കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഗുരുവിന് ഉപഹാരസമര്‍പ്പണം നടത്തി. ഡോ. എം ആര്‍ രാഘവവാര്യര്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, ഡോ. ബസന്ത്കിരണ്‍, പ്രിയ ഒരുവമ്മല്‍, യു കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

guru

കഥകളി വിദ്യാലയം സെക്രട്ടറി കെ ദാമോദരന്‍ കേളി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കഥകളി വിദ്യാലയം പ്രസിഡന്റ് എന്‍ വി സദാനന്ദന്‍ സ്വാഗതവും ഡോ. ഒ വാസവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ. ബസന്ത് കിരണ്‍, രചനാ നാരായണന്‍കുട്ടി, അശ്വനി എന്നിവര്‍ കുച്ചിപ്പുടി അവതരിപ്പിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച സുഭദ്രാഹരണം കഥകളിയോടെയായിരുന്നു പിറന്നാള്‍ദിന പരിപാടികള്‍ സമാപിച്ചത്.

Share news