ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് എന്ത് ചെയ്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ കോൺഗ്രസിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപലപിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. സംഘ പരിവാർ വിരുദ്ധരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് അറസ്റ്റിനെ കാണേണ്ടത്. എതിരെ ശബ്ദമുയർത്തിയാൽ ഇതൊക്കെയാകും ഫലം എന്ന ഭീഷണിയാണ് അവർ ഉയർത്തുന്നത്.

എന്നാൽ ഈ ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് കോൺഗ്രസ് മൌനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൌരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തെ വിമർശിക്കാൻ വരുമ്പോൾ കോൺഗ്രസുകാർ ഇത് കൂടി മനസ്സിൽ വെക്കണം. ലീഗിനെപ്പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


