ലേബർ ക്യാമ്പിലെ ശുചിമുറി മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: ബൈപ്പാസ് നിർമ്മാണ കരാർ കമ്പനിയായ വഗാഡ് കമ്പനിയിലെ ലേബർ ക്യാമ്പിലെ ശുചി മുറി മാലിന്യം തള്ളുന്നത് നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സംഭവം. നന്തി പൊന്നാട്ടിൽ ഭാഗത്ത് ഒഴുക്ക് വെള്ളത്തിൽ തന്ത്രപൂർവ്വം ഒഴുക്കുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതോടെ തടയുകയായിരുന്നു. പിന്നീട് മൂടാടി ചാലിൽ ഭാഗം വിശാലമായ വയലിലേക്ക് ശുചി മുറി മാലിന്യം ഒഴുക്കുമ്പോൾ പരിസരവാസികൾ തടഞ്ഞതോടെ പ്രശ്നമാകുകയായിരുന്നു.

സംഭവം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ, വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, പപ്പൻ മൂടാടി, അസി. സെക്രട്ടറി. ടി. ഗിരീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. ഷീന, ജെ.എച്ച്.ഐ.മാരായ, പി. രതീഷ്, എം.പി. ഷനോജ്, തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് എസ്.ഐ. ബാബുരാജിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ലോറിയും, ഡ്രൈവറെയും, ക്ലീനറെയും കസ്റ്റഡിയിലെടുത്തു, കഴിഞ്ഞ മാസം ഇതേ കമ്പനിയുടെ പ്രശ്നം ഉണ്ടായതിനെ തുടർന്ന് ജില്ലാ കലക്ടർ ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്.


