സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു

കൊയിലാണ്ടി: കാപ്പാട് ഹൈദ്രോസ് പളളിക്കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. കാപ്പാട് പീടികക്കണ്ടിക്കുനി കബീർ -സബീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അസിം (8)( ഇലാഹിയ ഹയർസെക്കണ്ടറി സ്ക്കൂൾ മൂന്നാംതരം വിദ്യാർത്ഥി), മുഹമ്മദ് അൽദിൻ (6) (പ്രോഗ്രസ്സീവ് സ്ക്കൂൾ ഒന്നാംതരം വിദ്യാർത്ഥി അത്തോളി) എന്നീ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്തെ ഹൈദ്രോസ് പളളിയിലേക്ക് പോകാനായി പളളിക്കുളത്തിലിറങ്ങി കുളിക്കുന്നതിനിടയിലാണ് ദുരന്തം ഉണ്ടായത്. കുട്ടികളെ കാണാതായപ്പോൾ വീട്ടുകാർ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടികളുടെ ചെരുപ്പുകൾ കുളത്തിന്റെ അരികിൽ കാണാനിടയായത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടുകൂടി നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. സഹോദരങ്ങൾ: മുഹമ്മദ് അഫീഫ്, ആയിഷ.
