കൊയിലാണ്ടി നഗരസഭയിൽ വ്യാപാര ലൈസൻസ് ഇല്ലാതെ 8 വർഷം പ്രവർത്തിക്കാം


കൊയിലാണ്ടിയിൽ വ്യാപാര ലൈസൻസ് വേണ്ട.. പുതിയ ബസ്സ്സ്റ്റാൻ്റിന് സമീപത്തെ ബിസ്മി ടെക്സ്റ്റൈൽസ് വ്യാപാര ലൈസൻസ് ഇല്ലാതെ 8 വർഷമായി പ്രവർത്തിക്കുന്നു. സംഭവം അറിഞ്ഞിട്ടും നടപടി എടുക്കാതെ അധികാരികൾ. പുതിയ ബസ്സ്സ്റ്റാൻ്റിന് തെക്ക് ഭാഗത്തുള്ള പി.എം. സ്ക്വയറിലാണ് ഈ അനധികൃത സ്ഥാപനം പ്രവർത്തിക്കുന്നത്. ഇത്കാരണം നഗരസഭ നികുതി വിഭാഗത്തിന് കിട്ടേണ്ടിയിരുന്ന ഭീമമായ തുകയാണ് ഇതോടെ നഷ്ടപ്പെട്ടത്. നിരവധി തവണ ഈ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിട്ടും അധികൃതർ മൗനംപാലിക്കുന്നത് പല സംശയങ്ങൾക്കും കാരണമാകുകയാണ്.

അനധികൃതമായാണ് ഈ കെട്ടിടവും സ്ഥാപനവും പണിതതെന്ന് മുമ്പേ പരാതി ഉണ്ടായിരുന്നു. കെട്ടിടം നിർമ്മിക്കുന്ന സമയത്ത് പ്ലാനിൽ ഇല്ലാത്ത ഈ സ്ഥാപനം പിന്നീട് കൊയിലാണ്ടിയിലെ ഒരു റിയൽ എസ്റ്റേറ്റ് മാഫിയ സംഘത്തിൽപ്പെട്ട ഒരാളുടെ ഒത്താശയോടെയാണ് പണിതതെന്ന് സമീപത്തുള്ള ചില വ്യക്തികൾ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. സംഭവത്തിൽ പലയിടത്ത് നിന്നും അമർഷം പുകയുകയാണ്. സാധാരണക്കാരൻ വ്യാപാര ലൈസൻ പുതുക്കാൻ ഒരു ദിവസം വൈകിയാൽ പൂട്ടി സീല് വെക്കാൻ തയ്യാറാവുകയും ഭീമമായ ഫൈൻ ചുമത്താനും തയ്യാറാകുന്ന ഉദ്യോഗസ്ഥർ 8 വർഷമായി ഒരു രേഖയുമില്ലാതെ ഈ സ്ഥാപനം തുറന്ന് പ്രർത്തിക്കാൻ എല്ലാ അനുമതിയും കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് പലരും ചോദിക്കുന്നത്..


നഗരസഭ റവന്യൂ വിഭാഗത്തിൻ്റെ പിടിപ്പുകേടാണ് ഇത്തരം സ്ഥാപനങ്ങൾക്ക് സഹായം ചെയ്ത്കൊടുക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഈ സ്ഥാപനം നടത്തുന്ന കോഴിക്കോട് നടക്കാവ് സ്വദേശിയും മറ്റൊരു റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും സ്ഥിരമായി നഗരസഭ റവന്യൂ വിഭാഗത്തിൽ എത്തുന്നത് പതിവാണ്. ഇയാൾക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് 8 വർഷമായി സ്ഥാപനം പ്രവർത്തിപ്പിക്കാനുള്ള ലൈസൻസെന്നും സമീപത്തെ കച്ചവടക്കാരുൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു.


കൊയിലാണ്ടി പട്ടണത്തിൽ കെട്ടിടങ്ങളുടെ മുകളിലത്തേതും താഴത്തേതുമായ ഭാഗങ്ങളിൽ പെർമിഷൻ എടുക്കാതെ ഷീറ്റിട്ട് മറച്ച് നിരവധി സ്ഥാപനങ്ങളാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. പലതും എ.സി.പി. ഷീറ്റിട്ട് സൌന്ദര്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഫയർ & സേഫിറ്റിയുടെയും മറ്റ് വകുപ്പുകളുടെയും NOC ഇല്ലാതെയാണ് ഇങ്ങനെ സ്വകാര്യ ട്യൂഷൻ സെൻ്ററുകളും മറ്റ് ഓഫീസുകളും പ്രവർത്തിക്കുന്നത്. നഗരസഭയിൽ ഒരു ചില്ലിക്കാശ് മുടക്കാതെയാണ് ഇതിൻ്റെ പ്രവർത്തനം. ചില ഉദ്യോഗസ്ഥരെ നേരിൽ കണ്ടാൽ നികുതി വിഭാഗത്തിൽ ഒരു പണവും ഒടുക്കേണ്ടതില്ലെന്ന് സാരം…

ഇത്തരം അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധിയായി കൊയിലാണ്ടിയിൽ പ്രർത്തിക്കുന്നുണ്ടെന്നാണ് ഇതോടെ മനസിലാകുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.

