മുക്കുപണ്ടം പണയംവെച്ച കേസ്: മുക്കം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അറസ്റ്റിൽ
മുക്കം: മുക്കുപണ്ടം പണയംവച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ് നേതാവും കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്ത് അറസ്‌റ്റിൽ. മുക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്‌തത്. 27 ലക്ഷം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്നു മുഖ്യപ്രതിയായ ബാബു പൊലുകുന്നത്ത്.
കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖ മാനേജരുടെ പരാതിയിലാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ ബാബു പൊലുകുന്നത്ത്, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറിയിലെ വിഷ്‌ണു കയ്യൂണമ്മൽ, സഹപ്രവർത്തകൻ മാട്ടുമുറി സ്വദേശി സന്തോഷ്, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവരാണ് പ്രതികൾ. ഇവർ റിമാൻഡിലാണ്.

അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം അപ്രൈസര്‍ മുക്കം സ്വദേശി മോഹനൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്തുവച്ച് 11 മണിയോടെയാണ് മോഹനൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ മോഹനനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

