കെ. റെയിൽ നടപ്പിലാക്കും കോടിയേരി

വയനാട്: കെ. റെയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടു ത്താനാണ് യു.ഡിഎഫും ബി.ജെ.പി.യും പദ്ധതിക്കെതിരെ സമരം നടത്തുന്നത്. എതിർപ്പുകൾക്ക് മുമ്പിൽ കീഴടങ്ങിയിരുന്നെങ്കിൽ ഇന്ന് കാണുന്ന പല പദ്ധതികളും നടപ്പാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ പി. ബിജു സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ഗതാഗതക്കുരുക്കാണ്. 45 മീറ്റർ വീതിയിൽ ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ ഇതിന് വലിയ മാറ്റം വരും. എന്നാൽ, ഗതാഗതപ്രശ്‌നം പരിഹരിക്കാൻ ഇതുമാത്രം മതിയാവില്ലെന്ന് മൂൻകൂട്ടിക്കണ്ടാണ് സർക്കാർ കെ റെയിൽ പദ്ധതി ആവിഷ്‌കരിക്കുന്നത്. യുഡിഎഫ് അധികാരത്തിലുള്ളപ്പോഴാണ് ഹൈസ്‌പീഡ് റെയിൽ കോറിഡോർ കൊണ്ടുവന്നത്. പ്രതിപക്ഷമായ എൽഡിഎഫ് അത് അംഗീകരിച്ചു. എന്നാൽ, ബിജെപിയും യുഡിഎഫും ഭരിക്കുന്നത് ആരാണെന്ന് നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്.


പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരുകാര്യം പറഞ്ഞാൽ ചെയ്യും എന്ന വിശ്വാസം ജനങ്ങൾക്കും കേന്ദ്ര സർക്കാരിനുമുണ്ട്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. ഓരോ പദ്ധതിയും സർക്കാർ നടപ്പാക്കുന്നത് പുതിയ കേരളത്തെ സൃഷ്ടിക്കാനാണ്. കേരളത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ ദൃഢനിശ്‌ചയത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


