കാളിയാട്ട മഹോത്സവം: ആനയെ വാടകക്കെടുത്തതിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ആനയെ വാടകക്കെടുത്തതിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. കരാർ എഗ്രിമെന്റിന്റെ കോപ്പി കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് എഴുന്നള്ളത്തിന് വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചത്. പന്ത്രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയ്ക്ക് (12,50000) ക്വട്ടേഷൻ നൽകിയ ഗുരുവായൂരിലെ സ്വകാര്യ വ്യക്തിക്ക് കരാർ ഉറപ്പിക്കാതെ പതിനഞ്ച് 15,40000 രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ കൊല്ലം സ്വദേശിക്കാണ് ഒടുവിൽ കരാർ നൽകിയത്. ഇതിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായാണ് ആരോപണം. 29ന് ഉത്സവം ആരംഭിക്കാനിരിക്കെയാണ് അഴിമതി അരോപണം പറത്ത് വരുന്നത്. ഇത് വരും ദിവസങ്ങളി ൽ വലിയ വിവാദത്തിനാണ് തിരികൊളുത്തുക.

അതിനിടെ 20 ലക്ഷം രൂപയ്ക്കുള്ള മറ്റൊരു കരാറും തൃശ്ശൂർ ജില്ലക്കാരനായ വിഷ്ണു ദത്ത് എന്നയാളുമായി ഒപ്പ് വെച്ചിരുന്നു. ഇദ്ധേഹത്തിനായിരുന്നു ആദ്യം കാരാർ ഉറപ്പിച്ചത്. 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ എഗ്രിമെന്റ് വെക്കുകയും ചെയ്തു. ഇത് ആലോചനയില്ലാതെ റദ്ദാക്കിയാണ് മറ്റൊരു കരാറിലേക്ക് നീങ്ങിയത്. ഇതിന്റെ രേഖകൾ കൊയിലാണ്ടി ഡയറിക്ക് ലഭിച്ചിട്ടുണ്ട്.


ഒരു ഉത്സവ ആഘോഷത്തിന് വേണ്ടി ഒരേ സമയത്ത് രണ്ട് ക്വട്ടേഷൻ സ്വീകരിക്കുകയും രണ്ട് എഗ്രിമെന്റ് വെക്കുകയും ചെയ്ത ഗുരുതരമായ കുറ്റമാണ് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ ഉയരുന്നത്. ഏറ്റവും കുറഞ്ഞ തുകയായ 12,50000 രൂപയുടെ ക്വട്ടേഷൻ നിലനിൽക്കെ 20 ലക്ഷം രൂപയുടെ ക്വട്ടേഷൻ സ്വീകരിക്കുകയും അതിന് ശേഷം മറ്റൊരു ക്വട്ടേഷൻ പരിഗണിക്കുകയും ചെയ്തിന്റെ പിന്നിൽ വൻ സാമ്പത്തിക ഇടപാടാണ് നടന്നിട്ടുള്ളതെന്ന് ആരോപണം ഇതിനകം ഉയർന്ന് കഴിഞ്ഞു. 15.40 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ എടുത്ത കൊല്ലം സ്വദേശിയെ സമ്മർദ്ദം ചെലുത്തി കരാറിൽ നിന്ന് പിന്തിരിയാൻ ഇപ്പോൾ ശ്രമം നടക്കുകയാണെന്ന് ആരോപണവും ഉയർന്നിരിക്കുകയാണ്.


