KSSPU പന്തലായനി ബ്ലോക്ക് സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം പൂക്കാട് വെച്ച് നടന്നു. സീനിയർ സിറ്റിസൻ അംഗങ്ങൾക്ക് ലഭിക്കേണ്ട പെൻഷൻ കുടിശ്ശികയും കേന്ദ്ര സർക്കാർ ജീവനക്കാർക്കും മുതിർന്ന പൗരന്മാർക്കും അനുവദിച്ച 2 ഗഡു ക്ഷാമബത്തയും ഉടൻ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി പരിഷ്കരിച്ച് ഉടൻ നടപ്പിലാക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള എണ്ണക്കമ്പനികളുടെയും കേന്ദ്ര സർക്കാറിൻ്റെയും നടപടികൾ പിൻവലിക്കുക, ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നന്തി – ചെങ്ങോട്ടുകാവ് പ്രദേശത്തെ യാത്രക്കാരുടെ ആശങ്കകൾ അകറ്റുന്ന നടപടികൾ നിർമ്മാണ ഘട്ടത്തിൽ തന്നെ കൈകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൂക്കാട് എഫ്.എഫ്.ഹാളിൽ നടന്ന സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. മാരാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാൻജി എ വേലായുധൻ, ജോ. സെക്രട്ടറി ടി.വി. ഗിരിജ, ടി. വേണുഗോപാലൻ, പി.കെ. ബാലകൃഷ്ണൻ കിടാവ്, എ. ഹരിദാസ്, ഇ ബാലൻ നായർ, പി.എൻ. ശാന്തമ്മ എന്നിവർ സംസാരിച്ചു.


മാര്ച്ച് 28, 29 ദിവസങ്ങളിലായി നടക്കുന്ന ദ്വിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ.കെ. മാരാർ (പ്രസിഡണ്ട്) ടി. വേണുഗോപാലൻ (സെക്രട്ടറി), എ. ഹരിദാസ് (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.


