KOYILANDY DIARY.COM

The Perfect News Portal

കമ്പി, സിമന്റ്‌ വില കൂടി; നിർമാണ മേഖല സ്‌തംഭനത്തിലേക്ക്‌

നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി കമ്പിക്കും സിമന്റിനും വില  കുതിക്കുന്നു. കമ്പിയുടെ വിലയിലാണ്‌ വൻ വർധന. രണ്ടാഴ്ച‌ക്കിടെ കിലോയ്‌ക്ക്‌ 20 രൂപയോളമാണ്‌ കൂടിയത്‌. 65 രൂപയിൽനിന്ന്‌ 85 ആയാണ്‌ വർധന. സിമന്റിന്‌ 50 കിലോയുടെ ചാക്കിന്‌ 40 രൂപ കൂടി.  ഇത്‌ നിർമാണ മേഖലയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി.

ഒരുക്വിന്റൽ കമ്പിയ്‌ക്ക്‌ 2000 രൂപയാണ്‌ ഒറ്റയടിക്ക്‌ കൂടിയത്‌. ഇതോടെ ഫ്ലാറ്റുകൾ ഉൾപ്പെടെ  വൻകിട നിർമാണ പ്രവൃത്തികൾ നിലയ്‌ക്കുന്ന സ്ഥിതിയായി. വില കൂടിയതോടെ വിൽപ്പനയിലും ഇടിവുണ്ടായെന്ന്‌ വ്യാപാരികൾ പറഞ്ഞു. കോവിഡ്‌ വ്യാപനത്തിന്റെ തുടക്കത്തിൽ 45 രൂപയായിരുന്നു  കമ്പിക്ക്‌ കിലോ വില.   ക്രമേണ വർധിച്ച്‌  65 രൂപയായി. ഇതിൽനിന്നാണ്‌ പെട്ടെന്നുള്ള ഇപ്പോഴത്തെ വർധന. രണ്ടുവർഷം മുമ്പത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയോളമാണിത്‌.

റഷ്യ–-ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന്‌ അസംസ്‌കൃത വസ്‌തുക്കൾ ലഭിക്കാനുള്ള തടസ്സമാണ്‌ വില കൂട്ടാൻ ഇടയാക്കിയതെന്നാണ്‌ കമ്പനികളുടെ വിശദീകരണം. ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്‌. വൻകിട കമ്പനികൾ വില കൂട്ടിയതോടെ   കുറഞ്ഞ വിലയുള്ള സിമന്റിന്‌  വിപണിയിൽ ആവശ്യക്കാർ ഏറി. 440–-450 രൂപയാണ്‌ നല്ല സിമന്റിന്‌ വില. കോവിഡിന്റെ തുടക്കത്തിൽ  360–-380 രൂപയായിരുന്നു. കോവിഡ്‌ മൂന്നാം തരംഗത്തിനുശേഷം നിർമാണ മേഖല പച്ചപിടിച്ചുവരുന്നതിനിടെയാണ്‌ വിലവർധന ഇരുട്ടടിയായത്‌.

Advertisements

ഇന്ധന വിലവർധനമൂലം ചെങ്കല്ലിനും കരിങ്കല്ലിനും വില കൂടിയിട്ടുണ്ട്‌. 50–-60 രൂപ വരെയാണ്‌ ചെങ്കല്ല്‌ വില. നിർമാണത്തിനുപയോഗിക്കുന്ന എംസാൻഡിനും (കൃത്രിമ മണൽ) വില  100 അടിക്ക്‌ 500 രൂപയോളം  കൂടി. സാധനം എത്തിക്കാനുള്ള ദൂരത്തിനനുസരിച്ച്‌ പ്രാദേശികമായി വിലയിൽ മാറ്റമുണ്ട്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *