കോരപ്പുഴയുടെ അഴിമുഖം ആഴവും വീതിയും വർദ്ധിപ്പിക്കണം

കൊയിലാണ്ടി: കോരപ്പുഴയെ സർവനാശത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പുഴയുടെ അഴിമുഖം ആഴവും വീതിയും വർദ്ധിപ്പിക്കാൻ 4 കോടിയോളം രൂപ ഗവ: വകയിരുത്തിയിട്ടും ഉദ്യോഗസ്ഥ വീഴ്ച കാരണം പ്രവർത്തി നീണ്ടു പോകുകയാണെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ആരോപിച്ചു. ഉടനടി ഇടപെട്ട് പ്രവർത്തി ആരംഭിച്ച് കോരപ്പുഴയെ നാശത്തിൽ നിന്നും രക്ഷിക്കാനും പുഴയോര മത്സ്യ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ പുഴയോര കൺവെൻഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

കൺവെൻഷൻ ജില്ലാ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. മോഹൻദാസ്, സി.പി. രാമദാസ്, ഉമാനാഥ് എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറി സി. എം. സുനിലേശൻ സ്വാഗതം പറഞ്ഞു. യൂനിറോയൽ കമ്പനിയിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് തടയാനും, ജലപാത നിർമാണത്തിലെ മത്സ്യ തൊഴിലാളികളുടെ ആശങ്ക അകറ്റണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


