യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണം; ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകക്കാരനായ നവീൻ കുമാർ ആണ് ഹർകീവിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


