നാടിനെ കണ്ണീരിലാഴ്ത്തി സുദേവ് യാത്രയായി
കൊയിലാണ്ടി: കായിക ലോകത്തിന് പുതു വാഗ്ദാനമായിരുന്ന യുവപ്രതിഭയുടെ അകാല വിയോഗം നാടിനെ കണ്ണീരണിയിച്ചു. കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് (20) ആണ് നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. വിപുലമായ സൗഹൃദങ്ങളിലൂടെ ആത്മസുഹൃത്തുക്കളെ നെഞ്ചോട് ചേർക്കുന്ന സൗമ്യ മനസ്സിന്റെ ഉടമയായിരുന്നു സുദേവ്. പഠനത്തോടൊപ്പം സുദേവ് നെഞ്ചേറ്റിയത് കായിക വിദ്യാഭ്യാസത്തെയാണ്. അതുകൊണ്ടായിരിക്കണം ഇത്ര ചെറുപ്രായത്തിൽ തന്നെ സ്കൂൾ-കോളജ് തലങ്ങളിലും സംസ്ഥാന മത്സരങ്ങളിലും സുദേവിനെ ഒട്ടേറെ മെഡലുകളും പ്രശസ്തി പത്രങ്ങളും തേടിയെത്തിയത്.

സ്കൂൾ-കോളജ് ടീമുകളിലെ എല്ലാവർക്കും പ്രിയപ്പെട്ട ഗോൾകീപ്പറായിരുന്നു ഈ വിദ്യാർത്ഥി. കായിക ഇനത്തിൽ സെപ്കോ ത്രോ മത്സരത്തിൽ കൊയിലാണ്ടി ജി വി എച് എസ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ ദേശീയ തലത്തിലും മത്സര രംഗത്ത് എത്താൻ കഴിഞ്ഞു. ജൂഡോയിലും സംസ്ഥാന ചാമ്പ്യനായിരുന്നു സുദേവ്.ജി വി എച് എസ് എസിലെ സെപ് കാത്രോ കോച്ച് എന്ന നിലയിൽ വിദ്യാർത്ഥികളുടെ അഭിമാനമായി മാറി.


മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ ഓർഫനേജ് കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായി സഹപാഠികളുടെ ഹൃദയത്തിൽ തന്റെ കഴിവുകളുടെ കുറിപ്പ് പുസ്തകത്താളുകൾ തുറന്ന് വെക്കുന്നതിന് മുമ്പെയാണ് സുദേവ് ശാന്തിപർവ്വം കീഴടക്കിയത്. വേർപിരിയലിന്റെ നോവിൽ തേങ്ങുന്ന സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും. അച്ഛനും അമ്മയും ഇനി ആ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ നിസ്സഹായരായി വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകളാണ് സുദേവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. (കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ പാലക്കിഴിൽ ദിനേശൻ (റിട്ട. എസ്.ഐ) സുചിത്ര ദമ്പതികളുടെ ഏകമകനാണ് സുദേവ്.


