റോയി വയലാറ്റിനെ അഞ്ച് വർഷമായി അറിയാം; പരാതിക്കാരിക്കെതിരെ അഞ്ജലി
കോഴിക്കോട് : കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പരാതിക്കാരിക്കെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് പ്രതി അഞ്ജലി റീമാദേവ്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ അഞ്ജലി ആരോപിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ പലകാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, നിയമവ്യവസ്ഥയെയും കോടതിയെയും പോലീസിനെയും എല്ലാം മാനിച്ചുകൊണ്ടാണ് ഇപ്പോള്‍ കുറച്ചുകാര്യങ്ങള്‍ കൂടെ വ്യക്തമാക്കുന്നത്. വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവര്‍ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. എന്നെ കേസിൽ കുടുക്കുന്നതിനായി ഗൂഢാലോചന നടന്നിട്ടുണ്ട് ‐ അഞ്ജലി പറഞ്ഞു.


റോയി വയലാറ്റിനെ അറിയില്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ അഞ്ച് വര്‍ഷമായി അറിയാം. ഞാന്‍ മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവര്‍ഷമായി ഞാന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല. അതിന് മുമ്പ് ആയായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല. അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്‌പിറ്റാലിറ്റി, അതെല്ലാം എല്ലാവരോടും തുല്യമായി കാണിക്കാറുണ്ട്. അതില്‍ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ കെട്ടിച്ചമയ്ക്കുന്നത് ഓരോ കഥകളാണ്.


