ലതാ മങ്കേഷ്കർ ഏഴാം വയസ്സില് അഭിനേത്രിയായി രംഗത്ത് വന്നു
ഗായികയായി ലോകമറിയുന്ന ലതാമങ്കേഷ്കർ ആദ്യം അരങ്ങിലെത്തിയത് നാടകത്തിൽ. ഏഴാം വയസ്സിലാണ് അഭിനേത്രിയായി രംഗപ്രവേശം. യാദൃച്ഛികമായിരുന്നെങ്കിലും അന്നുതൊട്ട് സഹൃദയലോകത്തിന്റെ ശ്രദ്ധയേറ്റുവാങ്ങി. പിതാവ് ദീനാനാഥ് മങ്കേഷ്ക്കർ സംഗീതനാടകവേദിയിൽ സജീവം. മഹാരാഷ്ട്രയിലെ മൻമദിൽ അദ്ദേഹത്തിന്റെ “സംഗീത സൗഭദ്ര’ നാടകം അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം പ്രദർശനസമയമടുത്തിട്ടും നാരദവേഷം കെട്ടേണ്ട നടൻ വന്നില്ല. പുതിയൊരാളെ പരീക്ഷിക്കുക അപ്രായോഗികം. മകൾ ലത സ്വമേധയാ മുന്നോട്ടുവന്നു. പിതാവിനൊപ്പം നാടകത്തിന് എത്തിയ അവൾക്ക് സംഭാഷണങ്ങളും പാട്ടുകളും ഹൃദിസ്ഥമായിരുന്നു. അങ്ങനെ അച്ഛൻ അർജുനനായി അഭിനയിച്ച നാടകത്തിൽ അവൾ നാരദനായി. സദസ്സ് ആ കൊച്ചുകലാകാരിയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. പകരക്കാരിയായെത്തിയ അവൾ ആസ്വാദക മനമേറി കലാലോകത്ത് സ്വന്തം സാമ്രാജ്യം തീർത്തു.

പാട്ടിന്റെ വഴിയിലേക്ക്

ലത അഭിനേത്രിയോ ഗായികയോ ആകണമെന്ന് ദീനാനാഥ് ആഗ്രഹിച്ചില്ല. പഠനത്തിൽ താൽപര്യം കാണിക്കാതിരുന്ന മകളെ അദ്ദേഹം സംഗീതം അഭ്യസിപ്പിച്ചു. ജന്മസിദ്ധ താൽപര്യം മനസ്സിലാക്കി ശാസ്ത്രീയ സംഗീതത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പക്ഷേ, ലത എത്തിയത് ചലച്ചിത്രഗാന ലോകത്തും. അവൾക്ക് 13 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സംഗീത നാടകക്കാരനായി പേരെടുത്തെങ്കിലും ദാരിദ്ര്യമായിരുന്നു അണിയറയിൽ ബാക്കി.അമ്മയുടെയും നാല് സഹോദരങ്ങളുടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ലതയ്ക്കു മുമ്പിൽ വഴിതുറന്നത് സിനിമാലോകം.ദീനാനാഥ് ജീവിച്ചിരിക്കെ മറാഠി ചിത്രത്തിനുവേണ്ടി ലത ആദ്യമായി പാടിയെങ്കിലും പുറത്തിറങ്ങിയില്ല. തുടർന്ന് “ഹിലി മംഗലാ ഗൗർ’ (1942) “മാ ജെ ബാൽ’, ‘ചിമുക്ലാസംസാർ’ (1943), “ഗജഭാവ്’ (1944) എന്നീ മറാഠി ചിത്രങ്ങളിൽ പാടി അഭിനയിക്കാൻ അവസരമുണ്ടായി. ഹിന്ദി സിനിമയിലെ ആദ്യകാല ഗായികാതാരങ്ങളായിരുന്ന നൂർജഹാനും ശാന്താ ആപ്തെയ്ക്കുമൊപ്പം “സുഭദ്ര’ (1946), “മന്ദിർ’ (1948) തുടങ്ങിയ ചിത്രങ്ങളിലും ചെറിയറോളുകളിൽ പ്രത്യക്ഷപ്പെട്ടു. കുടുംബം പുലർത്താനുള്ള വരുമാനം അതുകൊണ്ട് ലഭിക്കുമായിരുന്നില്ല. അഭിനയത്തെക്കാൾ പാട്ടിനോടുള്ള ഇഷ്ടവും പിന്നണിഗാനരംഗത്തേക്ക് ചുവടുമാറാൻ പ്രേരിപ്പിച്ചു. കഠിനാധ്വാനത്തിനിടയിലും ലത സംഗീത പഠനം തുടർന്നു. ഉസ്താദ് ബഡെ ഗുലാം അലിഖാന്റെ ശിഷ്യൻ പണ്ഡിറ്റ് തുളസിദാസ് ശർമയെ ഗുരുവായി സ്വീകരിച്ച് ശാസ്ത്രീയ സംഗീതത്തിൽ അവഗാഹം നേടി.

പിടിച്ചെടുത്ത ഗാന സിംഹാസനം

1947ൽ “ആപ് കി സേവാ മെ’യിലൂടെ ഹിന്ദി സിനിമാ ലോകത്തെത്തിയ ലതയുടെ ശബ്ദത്തിന്റെ അനന്യത ആദ്യം തിരിച്ചറിഞ്ഞ് അവസരം കൊടുത്തത് സംഗീത സംവിധായകൻ ഗുലാം ഹൈദർ. 1941ൽ ഇറങ്ങിയ “ഖജാൻജി’യിൽ അദ്ദേഹം ഈണംപകർന്ന ഗാനങ്ങൾ തരംഗമുണ്ടാക്കി. വിജയാഘോഷത്തിന്റെ ഭാഗമായി നിർമാതാക്കൾ ദേശവ്യാപകമായി സംഘടിപ്പിച്ച ഖജാൻജി സംഗീതമത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ലത. 1948ൽ റിലീസായ അദ്ദേഹത്തിന്റെ മജ്ബൂരിൽ പാടാൻ അവസരമുണ്ടായി. അതിലെ “ദിൽ മേരാ തോടാ, മുഝെ കഹിം കാ ന ഛോടാ…’ ഹിറ്റായി. അതോടെ പിന്നണിഗായിക എന്ന നിലയിൽ ലത ഹിന്ദിയിൽ ഇരിപ്പിടമുറപ്പിച്ചു. നേർത്തശബ്ദമെന്ന് തുടക്കത്തിൽ പരാതിപ്പെട്ട പലരും ആ പാട്ടിനുവേണ്ടി പിന്നാലെ ചെല്ലുന്ന സ്ഥിതിയുണ്ടായി. അമ്പതുകളിൽ ഏറ്റവും തിരക്കുള്ള ഗായികയായി. അനാർക്കലി, നാഗിൻ എന്നീ ചിത്രങ്ങളോടെ പ്രശസ്തിയുടെ കൊടുമുടി കയറി.

വിമർശകരെ തോൽപിച്ച വിജയം
ചിത്രത്തിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച ഗാനം സൂപ്പർ ഹിറ്റാവുക. “അനാർക്കലി’യിൽ സി രാമചന്ദ്രയുടെ സംഗീതത്തിൽ ലത പാടിയ “മുഹബത്ത് മെ ഐസെ കദം’ അത്തരത്തിലൊന്നാണ്. അതിൽ അനാർക്കലിയായി വേഷമിട്ട ബീനാറായ് മദ്യപിച്ച പോലെ പാടി നൃത്തം ചെയ്യുന്നതാണ് രംഗം. ലത പാടിയ “മുഹബ്ബത്ത് മൈ ഐസെ കദം’ നിലവാരമില്ലെന്നു പറഞ്ഞ് നിർമാതാവ് ശശിധർ മുഖർജി ഒഴിവാക്കാൻ ആലോചിച്ചു. ഗാനരംഗം ചിത്രീകരിച്ച്, സമയവും പണവും നഷ്ടപ്പെടുത്തിയതിന് രാമചന്ദ്രയ്ക്ക് വക്കീൽ നോട്ടീസും അയച്ചു. എന്നാൽ ആ “എക്കിൾ’ ഗാനത്തോടെ ചിത്രം റിലീസായി. പ്രേക്ഷകർ പാട്ട് ഇരുകൈയും നീട്ടി സ്വീകരിച്ചു. മാത്രമല്ല, ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്നായി അത് പിന്നീട് പ്രശസ്തമായി.
മരിക്കാത്ത ഗ്രാമ സ്മരണ
ലതയോടൊപ്പം മങ്കേഷ്കർ എന്ന വിശേഷണം ചേർന്നതിനു പിന്നിൽ ഒരു ഗ്രാമത്തിന്റെ സ്പന്ദനം കേൾക്കാം‐ മങ്കേഷിന്റെ. പോർച്ചുഗീസ് ഇന്ത്യയുടെ ഭാഗമായ ഗോവയിലെ ആ ഗ്രാമത്തിൽ 1900ൽ ജനിച്ച ദീനാനാഥ് ഹാർദികറാണ് അവിടെനിന്ന് പോരുമ്പോൾ ഗ്രാമത്തെ തന്റെ പേരിനൊപ്പം ചേർത്ത് മടങ്ങിയത്. അങ്ങനെ ദീനാനാഥ്, മങ്കേഷ്കറായി. കുടുംബം എക്കാലവും ആ ഗ്രാമത്തോടൊപ്പം അറിയപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ശിവന്റെ പര്യായംകൂടിയാണ് മങ്കേഷ്. അവിടുത്തെ മങ്കേഷ് ക്ഷേത്രത്തിൽ പൂജാരിമാരായിരുന്നു ദീനാനാഥിന്റെ കുടുംബം. അദ്ദേഹത്തിന്റെ മൂത്ത മകൾക്ക് ലത എന്ന പേരിടുമ്പോൾ ഒപ്പം ഗ്രാമത്തിന്റെ ജീവനുംകൂടി. അങ്ങനെ ലതാമങ്കേഷ്കറായി.
അപസ്വരമായ് രാജ്യസഭ
1999ൽ ലതയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തെങ്കിലും ഒറ്റ സെഷനിലും പങ്കെടുക്കാനാവാതെ കാലയളവ് അവസാനിക്കുകയായിരുന്നു. മോശം ആരോഗ്യമാണ് കാരണമായി പറഞ്ഞത്. പക്ഷേ, വിമർശനം പല കോണിൽനിന്നും ഉയർന്നു. പ്രണബ് മുഖർജി, നജ്മ ഹെപ്ത്തുളള, ശബാന ആസ്മി തുടങ്ങിയവർ കുറ്റപ്പെടുത്തി. ശമ്പളമോ അലവൻസോ, വീടോ വാങ്ങാത്ത തന്റെ ഉദ്ദേശശുദ്ധി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ലത ശ്രമിച്ചത്.

