KOYILANDY DIARY.COM

The Perfect News Portal

മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി

പത്തനംതിട്ട:  ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം നൽകിയത്. ശബരിമലയിൽ തിരുവാഭരണം ചാർത്തി ദീപാരാധന വൈകീട്ട് ആറരയ്ക്ക് നടക്കും. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.  വൈകിട്ട് അഞ്ച് മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലെത്തും. ദേവസ്വം ബോർഡ് അംഗങ്ങളും ഭക്തരും ചേർന്ന് അവിടെ വച്ച് ആചാരപരമായി വരവേൽപ്പ് നൽകും. 6.20 ന് സന്നിധാനത്തെത്തുന്ന തിരുവാഭരണ പേടകങ്ങൾ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ സ്വീകരിക്കും. ശേഷം തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനമുണ്ടാകും. 

നിയന്ത്രണങ്ങൾ പാലിച്ച് 75000 തീർത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമുണ്ട്. പക്ഷേ പർണ്ണശാലകൾ കെട്ടാൻ അനുവാദമില്ല. പുല്ലുമേട്ടിൽ ഇത്തവണയും ഭക്തർക്ക് വിലക്കുണ്ട്. നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും ഭക്തരെ കയറ്റിവിടുന്നില്ല. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തർക്കായി പൊലീസും കെഎസ്ആർടിസിയും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തർക്ക് വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *