ഒമിക്രോൺ: ജാഗ്രതാ നടപടി കർശനമാക്കി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടി കർശനമാക്കി ആരോഗ്യ വകുപ്പ്. യുകെയിൽ നിന്നെത്തിയ കോഴിക്കോട് കോർപറേഷൻ പരിധിയിലെ താമസക്കാരനായ ഇരുപത്തൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് കെഎസ്ആർടിസി ബസ്സിലാണ് ഇദ്ദേഹം കോഴിക്കോട്ടെത്തിയത്. ബസ്സിൽ കൂടെ സഞ്ചരിച്ചവരെ കണ്ടെത്തി സമ്പർക്കപ്പട്ടിക ഉണ്ടാക്കും. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം ബംഗളൂരുവിൽ നിന്നെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയെങ്കിലും അവിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കെഎസ്ആർടിസി ബസ്സിൽ കോഴിക്കോട്ടേക്ക് കടക്കുകയായിരുന്നു.

കോഴിക്കോട്ടെത്തിയ ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതിനാൽ ഇവിടെ മറ്റ് സമ്പർക്കമില്ല. എങ്കിലും കെഎസ്ആർടിസി ബസ്സിൽ സമീപത്തെ സീറ്റിൽ ഇരുന്നവരെ കണ്ടെത്തി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നയച്ച സാമ്പിൾ ഫലത്തിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണ്. കോവിഡ് പോസിറ്റീവെന്ന് അറിഞ്ഞതിനാൽ രണ്ട് മാസ്ക് ധരിച്ചാണ് യുവാവ് കെഎസ്ആർടിസിയിൽ എത്തിയത്. വലിയ ആശങ്കയില്ലെങ്കിലും പൊതു ഇടത്തിൽ ഇറങ്ങുമ്പോൾ ജാഗ്രത കൈവിടരുതെന്ന് ഡി.എം.ഒ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു.


