കേന്ദ്ര സർക്കാരിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ കൊയിലാണ്ടിയിൽ സിഐടിയു പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ സിഐടിയു പ്രതിഷേധം. 15 വർഷം പഴക്കമുള്ള വാഹനം പൊളിക്കണമെന്ന കേന്ദ്ര ഗവർമെൻ്റ് തീരുമാനം പിൻവലിക്കുക, ഓട്ടോ ടാക്സി നിരക്ക് കാലോചിതമായി പരിഷ്കരിക്കുക, പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് നിയന്ത്രിക്കുക, കേന്ദ്ര ഗവർമെൻ്റിൻ്റെ പൊതു സ്വത്തുക്കൾ വിൽകുന്ന നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ മുൻ എം.എൽ.എ. കെ. ദാസൻ ഉൽഘാടനം ചെയ്തു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സമരത്തിൽ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി, ഗോപി ഷെൽട്ടർ എന്നിവർ സംസാരിച്ചു. എ. സോമശേഖരൻ സ്വാഗതവും ഹമീദ് കാട്ടില പീടിക നന്ദിയും പറഞ്ഞു.


