KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. ദേശീയപാതയുടെ ഇരുവശത്തുമായാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ദേശീയ പാതയില്‍ കോഴിക്കോടിനും വടകരയ്ക്കും ഇടയിലുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. ഈ കൊവിഡ് സമയത്തും നിരവധി ആളുകളാണ് ദിവസവും ഇവിടെ ചികിത്സാര്‍ത്ഥം എത്തുന്നത്. എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറും ആശുപത്രി ഗേറ്റിനോട് അനുബന്ധിച്ചാണ്. ഇവിടേയ്ക്കായി എത്തുന്നവരും വാഹനം നിര്‍ത്തിയിടുന്നത് ദേശീയപാതയില്‍ തന്നെ. ആശുപത്രി കോമ്ബൗണ്ടില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. പലപ്പോഴും വാഹനത്തിലെത്തുന്നവരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ പാര്‍ക്കിംഗ് വിഷയത്തില്‍ തര്‍ക്കങ്ങളും നടക്കാറുണ്ട്.

2018 – ലാണ് ആശുപത്രിയുടെ ആറ് നില കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിട നിര്‍മ്മാണചട്ടം അനുസരിച്ച്‌ പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമാണ്. അത് പാലിക്കാതെയാണ് കെട്ടിടം പണിതത്. ഇപ്പോള്‍ ആശുപത്രിയുടെ മുന്‍ വശത്ത് രോഗിയെ ഇറക്കിയ ശേഷം വാഹനം കോമ്ബൗണ്ടിന് പുറത്ത് പാര്‍ക്ക് ചെയ്യണം എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്. അതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ ഇരു ചക്ര വാഹനങ്ങള്‍ ദേശീയ പാതയിലും മറ്റ് വാഹനങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലുമാണ് വെക്കുന്നത്.

നഗരസഭ ബജറ്റില്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കാന്‍ പാര്‍ക്കിംഗ് പ്ലാസ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ എടുത്തിട്ടില്ലെന്നാണ് ആക്ഷേപം. ഇതിനിടയില്‍ ഒമ്ബത് നില കെട്ടിടം നിര്‍മ്മിക്കാന്‍ ആശുപത്രി ഒരുക്കങ്ങളും നടത്തുന്നുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ തൊട്ടടുത്തായി റവന്യു വകുപ്പിന്റെ സ്ഥലമുണ്ട്. അത് ഉപയോഗപ്പെടുത്തിയാല്‍ സൗകര്യപ്രദമായ പാര്‍ക്കിംഗ് പ്ലാസ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Advertisements

 താലൂക്ക് ആശുപത്രിയില്‍ പാര്‍ക്കിംഗ് സംവിധാനം ഇല്ലാത്തത് രോഗികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കു വേണ്ടി വരുന്നവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ദേശീയപാതയോട്‌ ചേര്‍ന്ന ആശുപത്രിയാണ്. ലോറി സ്റ്റാന്‍ഡായി ഉപയോഗിക്കുന്ന റവന്യൂ സ്ഥലം ഉപയോഗപ്പെടുത്തി പാര്‍ക്കിംഗ് പ്ലാസ ഉള്‍പ്പെടെ കെട്ടിടം സമുച്ചയം പണിയാന്‍ കഴിയും. കൊയിലാണ്ടിയില്‍ പാര്‍ക്കിംഗ് പ്ലാസ നിര്‍മ്മിക്കുമെന്ന് ഭരണ സമിതി വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിക്കണം
എ. അസീസ്, വാര്‍ഡ് കൗണ്‍സിലര്‍

Share news

Leave a Reply

Your email address will not be published. Required fields are marked *