KOYILANDY DIARY

The Perfect News Portal

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിനിമ – നാടക നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഃഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. നാടക ലോകത്ത് നിന്നും സിനിമയിലെത്തിയ അദ്ദേഹം ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളം സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ച പ്രതിഭയാണ്.

90കള്‍ മുതല്‍ മലയാള സിനിമ മേഖലയില്‍ സജീവമായിരുന്ന കെടിഎസിന്റെ അരങ്ങേറ്റ ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവയാണ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെ ജനമനസില്‍ ഇടം നേടിയ അദ്ദേഹം പിന്നീട് 140ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയില്‍ അറിയപ്പെടുന്ന നടനായി തന്നെ അടയാളപ്പെടുത്തികഴിഞ്ഞും തൃപ്പൂണിത്തുറയില്‍ അദ്ദേഹം കട നടത്തിയിരുന്നു.

21-ാം വയസില്‍ കണ്ണംകുളങ്ങര അംബേദ്കര്‍ ചര്‍ക്ക ക്ളാസില്‍ നൂല്‍നൂല്‍പ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച്‌ സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം അദ്ദേഹം ഭാഗമായി.

Advertisements

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് സിനിമ ലോകത്തും കയ്യടി നേടി. ഇതോടൊപ്പം മിനിസ്ക്രീനിലും അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *