KOYILANDY DIARY

The Perfect News Portal

പ്രാതല്‍ ഒഴിവാക്കല്ലേ…

നിങ്ങള്‍ പതിവായി പ്രാതല്‍ (പ്രഭാത ഭക്ഷണം) കഴിക്കാറുണ്ടോ? തിരക്കാണെന്ന് പറഞ്ഞ് മിക്കവാറും എല്ലാവരും പ്രാതല്‍ ഒഴിവാക്കുകയാണ് പതിവ്. വിശപ്പില്ലെന്ന് പറഞ്ഞ് പ്രാതല്‍ ഒഴിവാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യും അല്ലേ? തടി കുറയ്ക്കണമെന്ന് പറഞ്ഞാകും മറ്റു ചിലര്‍ പ്രാതല്‍ ഒഴിവാക്കുക. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിതെന്ന് ഓര്‍ക്കുക. നിങ്ങള്‍ എത്ര തിരക്കുള്ളവര്‍ ആയാലും നിങ്ങള്‍ക്ക് വിശപ്പില്ലെങ്കില്‍ പോലും പ്രഭാത ഭക്ഷണം കഴിച്ചിരിക്കണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രഭാത ഭക്ഷണം എത്ര പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് താഴെ പറയുന്ന ഏഴ് കാര്യങ്ങള്‍ .

1. പ്രഭാതഭക്ഷണം കഴിക്കൂ ആരോഗ്യം നിലനിര്‍ത്തു

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ ഒരു ദിവസം മുഴുവന്‍ വിശന്നിരുന്നാല്‍ ശരീരത്തിനുപയോഗിക്കാവുന്നത്ര ഊര്‍ജ്ജം ലാഭിക്കാനാവുമെന്നാണ് ചിലരുടെ ധാരണ. ഇത് ഒരു മിഥ്യാ ധാരണ മാത്രമാണെന്ന് ഓര്‍ക്കുക. നിങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. മറിച്ച് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു വഴി നിങ്ങള്‍ക്ക് വളരെ വേഗം വിശക്കുകയും ദിവസം മുഴുവന്‍ ഉന്മേഷമില്ലാത്തതായി അനുഭവപ്പെടുകയും ചെയ്യും.

Advertisements

2. ശരീരഭാരം നിയന്ത്രിക്കാനാകും

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ നഷ്ടപ്പെട്ട ശരീരഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ പ്രഭാത ഭക്ഷണം വളരെ പ്രധാനമാണെന്ന് ഓര്‍ക്കുക. പ്രഭാത ഭക്ഷണമായി ലഘുവായി എന്തെങ്കിലും കഴിക്കുന്നതു പോലും ദിവസം മുഴുവനുള്ള അമിത വിശപ്പില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. പ്രഭാത ഭക്ഷണം നന്നായി കഴിക്കുകയാണെങ്കില്‍ പോഷകാംശം കുറഞ്ഞ ഭക്ഷണങ്ങള്‍ (ജങ്ക് ഫുഡ്) തേടി നിങ്ങള്‍ക്ക് പോകേണ്ടി വരില്ല.

3. ഊര്‍ജ്ജം പകരും പ്രഭാതഭക്ഷണം

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ദിവസം മുഴുവന്‍ നിങ്ങളെ നയിക്കുന്നത് ഉത്സാഹമില്ലായ്മയാണ്. ആരോഗ്യകരമായ, പോഷകങ്ങള്‍ നിറഞ്ഞ പ്രഭാത ഭക്ഷണം കഴിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉത്സാഹത്തോടെ ഓഫീസിലും സ്കൂളിലും മറ്റും പ്രവര്‍ത്തിക്കാനാകൂ. മസുലുകള്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ ഗ്ലൈക്കോജന്‍ ആവശ്യമാണെന്നോര്‍ക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു വഴി മസിലുകള്‍ക്ക് പോഷകങ്ങള്‍ ലഭിക്കാതെ ബലക്ഷയം സംഭവിക്കും. അതിനാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കൂ.

4. ബുദ്ധിയെ കൂര്‍മ്മതയുള്ളതാക്കും

തങ്ങളുടെ മേഖലകളില്‍ ഉത്സാഹവും ജാഗ്രതയും പുലര്‍ത്താനാണ് എല്ലാവരും താല്‍പര്യപ്പെടുക അല്ലേ? എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ഉത്സാഹവും ജാഗ്രതയും മറ്റും കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബുദ്ധിയെ ഉത്തേജിപ്പിക്കാനും ഉത്സാഹം വര്‍ദ്ധിപ്പിക്കാനും പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്ന് ഓര്‍ക്കുക.

5. പോഷകങ്ങള്‍ ലഭിക്കില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു വഴി ശരീരത്തിനു ലഭിക്കേണ്ട പോഷകങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതു നിങ്ങളുടെ ശരീരത്തെ മാത്രമല്ല ആ ദിവസത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.

6. ഭാരം വര്‍ദ്ധിക്കാന്‍ മറ്റ് കാരണങ്ങള്‍ വേണ്ട

ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാതഭക്ഷണം ഒഴിവാക്കാതിരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രഭാത ഭക്ഷണം കഴിക്കുന്നതുവഴി നിങ്ങളുടെ വിശപ്പിന്‍റെ അളവ് കുറയുകയാണ് ചെയ്യുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഒഴിവാകുന്നതിന് ഇത് നിങ്ങളെ സഹായിക്കും. എന്നാല്‍ പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ക്ക് അനുഭവപ്പെടുന്ന വിശപ്പിന്‍റെ തോത് വളരെ കൂടുതലായിരിക്കും. ഇത്തരക്കാര്‍ വാരിവലിച്ച് കഴിക്കുകയും അങ്ങനെ ശരീരത്തിന് ആവശ്യമുള്ളതിനെക്കാള്‍ കലോറി ഊര്‍ജ്ജം ശരീരത്തിലെത്തുകയും ചെയ്യും. അമിതഭാരമാവും ഇതിന്‍റെ ഫലം.

7. പ്രഭാതഭക്ഷണം, നല്ല ഉദാഹരണം

പ്രഭാത ഭക്ഷണം ശീലമാക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ കുഞ്ഞിങ്ങള്‍ക്കും അവബോധം പകരൂ. പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് കഴിയും. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തടയിടാന്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കുമെന്നതില്‍ സംശയമില്ല.