ലഹരി മാഫിയാ സംഘത്തെ തുരത്താൻ ഫൂട്ട് ഓവർ ബ്രിഡ്ജിൻ്റെ കോൺക്രീറ്റ് മറ പൊളിച്ച് മാറ്റി ഗ്രിൽസ് സ്ഥാപിക്കണം
കൊയിലാണ്ടി: ലഹരി മാഫിയാ സംഘത്തെ തുരത്താൻ മേൽപ്പാലത്തിലെ കോവണിപ്പടിയുടെ കോൺക്രീറ്റ് മറ പൊളിച്ച് ഇരുഭാഗങ്ങളിലും ഗ്രിൽസ് സ്ഥാപിക്കണം. കാൽനട യാത്രക്കാരുടെ പേടി സ്വപ്നമായ കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിലെ കോൺക്രീറ്റ് കോണിയാണ് വർഷങ്ങളായി ലഹരി മാഫിയാ സംഘം താവളമാക്കി അനാശാസ്യ പ്രവർത്തനം ഉൾപ്പെടെ നടത്തുന്നത്. ഇത് ജനങ്ങൾ ഉപയോഗിക്കാതെയുമായി. പകൽ സമയത്ത് പോലും ഇതുവഴി സ്ത്രീകൾക്കും കുട്ടികൾക്കും നടന്ന് പോകാൻ പറ്റാത്താത്ത സാഹചര്യമാണുള്ളത്. നിർമ്മാണത്തിലെ അപാകതയാണ് ഫൂട്ട് ഓവർ ബ്രിഡ്ജ് ആളുകൾ ഉപയോഗിക്കാതെ അനാഥമാകുന്ന സ്ഥിതിയിലേക്ക് വന്നത്. ഇത് മാഫിയാ സംഘത്തിന് സഹായകരവുമായി.

കോവണിപ്പടി നിറയെ മദ്യക്കുപ്പികളും സിറിഞ്ചും, മറ്റ് ലഹരി പദാർത്ഥങ്ങളുടെയും അവശിഷ്ടങ്ങൾ കുന്ന്കൂടിയ നിലയാണുള്ളത്. ഇരു വശങ്ങളും പൊളിച്ചുമാറ്റി ഇരുമ്പ് പൈപ്പ് കൊണ്ട് സുരക്ഷാ കവചം ഉണ്ടാക്കിയാൽ മാഫിയ സംഘത്തിന് പിന്നീട് ഇവിടം ഉപോക്ഷിക്കേണ്ടിവരും. നഗരസഭ മുൻകൈ എടുത്ത് റെയിൽവെയുടെ അനുമതിയോടെ കോൺക്രീറ്റ് മറ പൊളിച്ച് ഹാൻ്റ് ഗ്രിൽസ് സ്ഥാപിച്ചാൽ പ്രശ്നത്തിന് പൂർണ്ണ പരിഹാരമാകുമെന്നാണ് കരുതുന്നത്. ഒപ്പം രാത്രികാലങ്ങളിൽ ജനങ്ങൾക്ക് സഞ്ചരിക്കാൻ സഹായകരമാകുന്ന നിലയിൽ വിളക്കുകൾ സ്ഥാപിച്ച് ഇവിടുത്തെ മാഫിയാ സംഘത്തെ എന്നന്നേക്കുമായി ഇല്ലാതാക്കി ഭയപ്പാടില്ലാതെ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ കാൽനടയാത്രക്കാർക്ക് ഫൂട്ട് ഓവർ ബ്രിഡ്ജ് പൂർണ്ണമായും ഉപയോഗിക്കാനാകുന്ന വിധത്തിൽ ഇടപെടേണ്ടതുണ്ട്.

റെയിൽവെയുടെ അനുമതി ലഭിക്കാനുള്ള ഇടപെടൽ ശക്തമാക്കി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ഏകദേശം 2 ലക്ഷം രൂപ ചിലവഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.


