കെഎസ്ഇബിയിലെ 912 ഒഴിവ് ഒറ്റഘട്ടമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും

തിരുവനന്തപുരം: കെഎസ്ഇബിയിലെ 912 ഒഴിവ് ഒറ്റഘട്ടമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. അർഹരായവർക്ക് ആശ്രിതനിയമനം നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) ഭാരവാഹികളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

നിയമനമടക്കമുള്ള വിഷയങ്ങളിൽ നടപടിയെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 17 മുതൽ നടത്തി വന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഇഇഎഫ്ഐ കേരള ചാപ്റ്റർ കൺവീനർ എസ് ഹരിലാൽ അറിയിച്ചു. മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിനുള്ള നിർദേശം മന്ത്രി കെഎസ്ഇബി മാനേജ്‌മെന്റിന് നൽകി. മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും അടങ്ങുന്ന സബ് കമ്മിറ്റിയെ നിയോഗിക്കും. വിഷയങ്ങൾ സബ്കമ്മിറ്റി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനും മന്ത്രി നിർദേശിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ മാനേജ്‌മെന്റും വർക്കേഴ്‌സ് അസോസിയേഷനുമായി ചർച്ച ചെയ്ത് തീരുമാനിച്ച എണ്ണം നിയമനം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുക, മുൻ തീരുമാനപ്രകാരം ആശ്രിത നിയമനം നടത്തുക, ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ ഇലക്ട്രിസിറ്റി വർക്കർ നിയമനം നടത്തുക, ഗുണമേന്മയുള്ള സാധന സാമഗ്രികൾ സമയബന്ധിതമായി വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണ കരാറുകൾക്ക് അംഗീകാരം നൽകുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ജീവനക്കാർക്കും പെൻഷൻകാർക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, കരാർ തൊഴിലാളി ബില്ലുകൾ യഥാസമയം നൽകുക എന്നീ ആവശ്യങ്ങളായിരുന്നു സംഘടനകൾ ഉയർത്തിയത്.

വെള്ളിയാഴ്ച രാവിലെ 10ന് എല്ലാ ഡിവിഷൻ ഓഫീസുകൾക്കു മുന്നിലും വൈദ്യുതി ഭവനു മുന്നിലും വിജയാഹ്ലാദ പ്രകടനവും വിശദീകരണ യോഗവും നടത്തുമെന്നും ഇഇഎഫ്ഐ കേരള ചാപ്റ്റർ അറിയിച്ചു.

