KOYILANDY DIARY

The Perfect News Portal

ഈ കോവിഡ് കാലത്തും പൊരുതി മുന്നേറുകയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. 1600 ഓളം വനിതകൾക്ക് ഉൽപാദനരംഗത്തും വിപണനരംഗത്തുമായി തൊഴിൽ നൽകി, പ്രവർത്തന മികവിൽ വിജയക്കൊടിനാട്ടി പതിനൊന്നാമത്തെ വർഷത്തിലേക്ക് അഭിമാനത്തോടെ ചുവടു വയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. 25 ഹോംഷോപ്പ് ഓണർമാരും 9 ഉൽപ്പന്നങ്ങളുമായി 2010 ജൂലൈ 29ന് കൊയിലാണ്ടിയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇന്ന് പദ്ധതിയിൽ എൺപതിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന നാൽപതിലധികം കുടുംബശ്രീ ഉൽപ്പാദന സംരംഭങ്ങളാണ് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നത്. നാനൂറിലധികം വനിതകൾ ഉൽപാദനസംരംഭങ്ങളിൽ ജോലി ചെയ്യുന്നു. അവരുടെ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരവിപണി സംജാതമായതോടെ സ്ഥിരമായ ജോലിയും സുരക്ഷിതമായ ജീവിതവും കൈവന്നു എന്നത് അഭിമാനത്തോടെയാണവർ പങ്കുവെക്കുന്നത്.
വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച് ഉൽപ്പന്നങ്ങൾ  മുഴുവൻ വീടുകളിലും സ്ഥിരമായി എത്തിക്കുക എന്നുള്ളതാണ് ഹോംഷോപ്പ് പദ്ധതിയുടെ പ്രവർത്തന രീതി. മായമില്ലാത്തതും വിഷമുക്തവുമായ ഉൽപ്പന്നങ്ങൾ ഏറ്റവും പരിചിതരായ കുടുംബശ്രീ പ്രവർത്തകയാണ് വീടുകളിൽ എത്തിക്കുന്നത് എന്നതാണ് പദ്ധതിക്ക് വൻസ്വീകാര്യത ലഭിക്കുന്നതിന് കാരണമായത്. ഇത്തരത്തിൽ വീടുകൾ കയറി വിപണനം നടത്തുന്ന ആയിരത്തിലധികം ഹോംഷോപ്പ് ഓണർമാർ ഇപ്പോൾ പദ്ധതിയിൽ പ്രവർത്തിച്ചുവരുന്നു. 
ഹോംഷോപ്പ് ഓണർമാർക്ക് വേണ്ടി നിരവധി സാമൂഹ്യസുരക്ഷാ പദ്ധതികളും ക്ഷേമപദ്ധതികളുമാണ് ഇതിനകംതന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ആരോഗ്യ സുരക്ഷാ പദ്ധതികൾ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ശ്രീനിധി സമ്പാദ്യപദ്ധതി, കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം എന്നിവ അവയിൽ ചിലതുമാത്രമാണ്.
കോഴിക്കോട് ജില്ലയിൽ തുടക്കമിട്ട പദ്ധതിയെ മാതൃകയാക്കി സംസ്ഥാനത്തൊട്ടാകേയും വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീ സംസ്ഥാനമിഷനും സംസ്ഥാന സർക്കാരും തീരുമാനിക്കുകയുണ്ടായി. മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും പരിശീലനം നൽകുന്നതിനും കോഴിക്കോട് ജില്ലാ മാനേജ്മെൻറ് ടീമിനെത്തന്നേയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 
കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിത്യോപയോഗ സാധനങ്ങൾ  നിർമ്മിക്കുകയും അതിന് തദ്ദേശീയമായിത്തന്നെ വിപണി സൃഷ്ടിക്കുകയും ചെയ്യുന്ന സ്വാശ്രയ ചിന്തയിലധിഷ്ഠിതമായ ഒരു ഉൽപാദന-വിതരണ ശൃംഖല വളർത്തിയെടുത്ത് സുസ്ഥിരമായി നിലനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് ‘സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ‘ ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഹോംഷോപ്പ് പദ്ധതിയെ തേടിയെത്തിയത്. സി. ഷീബ പ്രസിഡണ്ടും പ്രസാദ് കൈതക്കൽ സെക്രട്ടറിയുമായ അഞ്ചംഗ മാനേജ്മെൻറ് ടീമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാദർ വെള്ളിയൂർ, കെ.സതീശൻ , ഇന്ദിര.കെ എന്നിവരാണ് മറ്റ് അംഗങ്ങൾ. 
കോവിഡ് പശ്ചാത്തലത്തിൽ വർഷാവർഷം നടത്തിവരുന്ന ഓണാഘോഷ പരിപാടികൾ ഒഴിവാക്കി, മുഴുവൻ ഹോംഷോപ്പ് ഓണർമാർക്കും ഓണക്കോടിയും ഓണക്കിറ്റും വീടുകളിൽ എത്തിച്ചു നൽകുമെന്ന് പദ്ധതി സെക്രട്ടറി പ്രസാദ് കൈതക്കൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *