KOYILANDY DIARY

The Perfect News Portal

പ്രതിമാ നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തി കെ. ദാസൻ എം.എൽ.എ. 
കൊയിലാണ്ടി ചേമഞ്ചേരി ദേശീയപാതയോരത്ത് താമസിക്കുന്ന രാജസ്ഥാനികളായ പ്രതിമാ നിർമ്മാണ തൊഴിലാളികൾക്ക് ലോക് ഡൗൺ പിരീഡ് കഴിയുന്നത് വരേയുള്ള ഭക്ഷണ സാധനങ്ങൾ ഉറപ്പുവരുത്താൻ നടപടികളായി. കെ.ദാസൻ എം.എൽ.എയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. അശോകൻ കോട്ട്, ചേമഞ്ചേരി വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ച് ഇവർക്ക് ആവശ്യമായ ആട്ട ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. അതിൻ്റെ ഭാഗമായി 75 കിലോഗ്രാം ആട്ട ഉടനടി തന്നെ അവർക്ക് ലഭ്യമാക്കി.
രാജസ്ഥാനികളായ ഇവർ ദിവസവും ആട്ട ഉപയോഗിച്ച്  ഉണ്ടാക്കുന്ന ഭക്ഷണമാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്.  5 കുടുംബങ്ങളിലായി 38 പേർ ഇവിടെ താമസിച്ചു വരുന്നുണ്ട്.  അവർക്കാവശ്യമായ ആട്ട സപ്ലെകൊ, റേഷൻ ഷോപ്പ് എന്നിവിടങ്ങളിൽ നിന്ന് ലഭ്യമായില്ലെങ്കിൽ പുറത്ത് നിന്നും വാങ്ങി നൽകാൻ സർക്കാർ നിർദേശമുണ്ട്.  ഇപ്പോൾ പുറത്ത് നിന്നാണ് എം.എൽ.എ.യും സംഘവും ഇവർക്ക് ആട്ട വാങ്ങി നൽകിയിട്ടുള്ളത്.  നിയോജക മണ്ഡലത്തിലെ ഇത്തരം അതിഥി തൊഴിലാളികൾക്ക് അവരുടെ ഭക്ഷണ രീതികളിലെ അവിഭാജ്യ ഘടകമായ ആട്ട റേഷൻ കടകൾ വഴിയും, സപ്ലൈകൊ വഴിയും കൂടുതലായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. 
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തിൽ  ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, വാർഡ് അംഗം എന്നിവരടങ്ങിയ മാനേജ്മെന്റ് കമ്മിറ്റികൾക്ക് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും രൂപം നൽകിയിട്ടുണ്ട്.  ഇത്തരം അതിഥി തൊഴിലാളികൾക്ക് ആവശ്യമായ പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണം എത്തിച്ചു നൽകാൻ  നടപടികൾ എല്ലായിടത്തും സ്വീകരിച്ചു വരുന്നുണ്ട്.    വർഷങ്ങളായി പ്രതിമാനിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചു വരുന്നവരാണ് ഇവിടെയുള്ള കുടുംബങ്ങൾ. എന്നാൽ കൊറോണയുമായി ബന്ധപ്പെട്ട് നിർമ്മാണവും വിൽപ്പനയും നിലച്ച അവസ്ഥയിൽ യാതൊരു വരുമാനവുമില്ലാതെ എല്ലാവരും ഇപ്പോൾ ടെന്റിനകത്ത് തന്നെ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *