KOYILANDY DIARY

The Perfect News Portal

8216 കുടുംബങ്ങൾ: ഭൂമിയുടെ അവകാശികൾ

കോഴിക്കോട്: അവകാശികളാണ് ഞങ്ങൾ, സ്വന്തം ഭൂമിയുടെ. ജനിച്ചു ജീവിച്ച മണ്ണിന്റെ ഔദ്യോ​ഗിക രേഖ സ്വന്തം പേരിൽ ഏറ്റുവാങ്ങുമ്പോൾ അവർ അറിഞ്ഞു, ചേർത്തുനിർത്തുന്ന സർക്കാരിന്റെ കരുതലിന്റെ ആഴം. 8216 കുടുംബങ്ങൾക്ക് പട്ടയം നൽകി എൽഡിഎഫ് സർക്കാരിന്റെ ജനകീയ ഇടപെടൽ.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ജില്ലാ പട്ടയമേള മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജൂബിലി ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു. വെള്ളയിലെ നാലുകുടി പറമ്പിലെ 19 മത്സ്യകുടുംബങ്ങളിലെ പ്രതിനിധികൾക്ക് പട്ടയം കൈമാറിയായിരുന്നു ഉദ്ഘാടനം. കൈവശക്കാർക്ക് ഭൂമി കൊടുക്കൽ മാത്രമല്ല, അർഹരായവരെ മുഴുവൻ ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പട്ടയമിഷൻ ആരംഭിച്ചാണ് പ്രവർത്തനം.
Advertisements
എംഎൽഎമാരുടെ നേതൃത്വത്തിൽ ഭൂമി ഇല്ലാത്തവരെ കണ്ടെത്തും. ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ സംസാരിച്ചു. കലക്ടർ എ ​ഗീത സ്വാ​ഗതം പറഞ്ഞു. എംഎൽഎമാരായ പി ടി എ റഹീം, ലിന്റോ ജോസഫ്, കെ കെ രമ തുടങ്ങിയവർ പങ്കെടുത്തു.
നൽകിയ പട്ടയങ്ങൾ
8007 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ഇതിൽ മുനിസിപ്പൽ കോർപറേഷൻ ഭൂപതിവ് ചട്ടപ്രകാരം 37 പട്ടയങ്ങൾ, 34 മിച്ചഭൂമി പട്ടയങ്ങൾ, 138 കോളനി പട്ടയങ്ങൾ എന്നിങ്ങനെയാണ് വിതരണംചെയ്തത്. കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ -5100, വടകര ലാൻഡ് ട്രിബ്യൂണൽ 2206, ദേവസ്വം -450, കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ റവന്യൂ റിക്കവറി- 118, സ്പെഷ്യൽ തഹസിൽദാർ എൽഎ കൊയിലാണ്ടി -133 എന്നിങ്ങനെയാണ് പട്ടയങ്ങൾ.