KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര  മണ്ഡലത്തിൽ 6 മാസത്തിനകം 614 ചെറുകിട സംരംഭങ്ങൾ ആരംഭിച്ചു

പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയിൽ പേരാമ്പ്ര  മണ്ഡലത്തിൽ 6 മാസത്തിനകം 614 ചെറുകിട സംരംഭങ്ങൾ ആരംഭിച്ചു. ഉൽപ്പാദന മേഖലയിൽ 97, സേവനമേഖലയിൽ 259, കച്ചവടരംഗത്ത്‌ 258 എന്നിങ്ങനെയാണ് സംരംഭങ്ങൾ. മൊത്തം 43.01 കോടിയുടെ നിക്ഷേപമാണുണ്ടായത്. സംരംഭങ്ങളിലൂടെ 845 പുരുഷൻമാർക്കും 416 സ്ത്രീകളുമടക്കം 1261 പേർക്ക് തൊഴിൽ ലഭിച്ചു.
10 പഞ്ചായത്തുകളിലായി 1032 സംരംഭങ്ങളാണ് ആരംഭിക്കുക. സംരംഭകർക്ക്‌ കൂടുതൽ സഹായകരമാകുന്ന വിധത്തിൽ കെട്ടിട നിയന്ത്രണനിയമങ്ങളിൽ ഭേദഗതി വരുത്തും.
ഇതിന്‌ ആവശ്യമായ നടപടി കൈക്കൊള്ളാനും മണ്ഡലത്തിൽ ഉൾപ്പെട്ട പെരുവണ്ണാമൂഴി, ചേർമല തുടങ്ങിയ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി  സംരംഭങ്ങൾ ആരംഭിക്കാനും പേരാമ്പ്ര റസ്റ്റ്ഹൗസിൽ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം അവലോകന യോഗം നിർദേശിച്ചു.
Advertisements
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹം, ഇഐ മാനേജർ സലീന, എഡിഐഒ അജിത് കുമാർ, മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ, പന്തലായനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. പേരാമ്പ്ര വ്യവസായ വികസന ഓഫീസർ അമർനാഥ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.