59-ാ മത് സ്‌കൂള്‍ കലോത്സവം; കനത്ത സുരക്ഷയൊരുക്കി പൊലീസും ജില്ലാ ഭരണകൂടവും

ആലപ്പുഴ: 59-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി എത്തുന്ന ഒരുലക്ഷത്തിലധികം മത്സരാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷയ്ക്കായി വനിതാ പൊലീസ് അടക്കം 1200 പൊലീസുകാരെയാണ് നിയമിച്ചിരിക്കുന്നത്.
പ്രധാന വേദിയായ ലിയോ തെര്‍ട്ടീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാതൃകാ പൊലീസ് സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തനം സജ്ജമാക്കി കൊണ്ടാണ് പൊലീസുകാരുടെ സേവനം. കാണികള്‍ക്ക് സുരക്ഷിതമായി മത്സരങ്ങള്‍ കാണാന്‍ വനിതാ പൊലീസിന്റെയും മഫ്തി പൊലീസിന്റെയും സേവനം ഒരുക്കിയിട്ടുണ്ട്.

നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ഇവ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളില്‍ പൊലീസിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ പൊലീസിന്റെ ചരിത്രം വിവരിക്കുന്ന പവലിയനും ഒന്നാം വേദിക്കരികിലായി ഒരുക്കിയിട്ടുണ്ട്.

ചിലവ് കുറഞ്ഞ രീതിയിലാണ് കലോത്സവം നടത്തുന്നതെങ്കിലും സുരക്ഷയ്ക്ക് ഒട്ടും വിട്ടു വീഴ്ചയില്ലാതെയാണ് കലോത്സവം നടത്തുന്നത്. നഗരത്തിലെത്തുന്ന മത്സരാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

